പൂരം കലക്കിയത് മുഖ്യമന്ത്രി ; ആർ എസ് എസ് നേതാക്കളെ കാണാൻ എ ഡി ജി പിയെ പിണറായി വിജയൻ പറഞ്ഞു വിട്ടുവെന്ന് വി ഡി സതീശൻ

മുഖ്യമന്ത്രിക്ക് വേണ്ടി എ.ഡി.ജി.പി തൃശൂരില്‍ തങ്ങിയാണ് പൂരം കലക്കിയത്

വി ഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര്‍ എസ് എസ് നേതാക്കളെ കാണാന്‍ മുഖ്യമന്ത്രി എ ഡി ജി പിയെ പറഞ്ഞുവിട്ടുവെന്ന ഗുരുതര ആരോപണമാണ് വി ഡി സതീശൻ ഉയർത്തിയിരിക്കുന്നത്. ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പൊളിറ്റിക്കല്‍ സെക്രട്ടറിയെയും എ ഡി ജി പി അജിത്‌ കുമാറിനെയും സംരക്ഷിക്കുന്നതിനെതിരെയാണ് വി ഡി സതീശന്‍ രംഗത്തെത്തിയിരിക്കുന്നത്. ഭയന്നിട്ടാണോ മുഖ്യമന്ത്രി അവരെ സംരക്ഷിക്കുന്നത് ? 2023 മെയ് 20 മുതല്‍ 22 വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ നടന്ന ആര്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുത്ത ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബോളയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എ.ഡി.ജി.പി അജിത് കുമാറാനെ പറഞ്ഞയച്ചിരുന്നോ എന്നും വി ഡി സതീശൻ ചോദിക്കുന്നു.

കൊച്ചിയിലെ ഹോട്ടല്‍ ഹയാത്തില്‍ ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്ത് മറ്റൊരു കാറിലാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കാണാനെത്തിയത്. ഒരു മണിക്കൂറോളം അവര്‍ തമ്മില്‍ സംസാരിച്ചു. എ.ഡി.ജി.പി വഴി മുഖ്യമന്ത്രി എന്ത് കാര്യമാണ് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുമായി സംസാരിച്ചതെന്നും ഏത് വിഷയം തീര്‍ക്കാണ് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടതെന്നും വി ഡി സതീശൻ ചോദിക്കുന്നു. കൂടാതെ, എന്തിന് വേണ്ടിയാണ് ക്രമസമാധാന ചുമതലുള്ള ഉന്നത ഉദ്യോഗസ്ഥനെ അയച്ചത് ? തിരുവനന്തപുരത്തുള്ള ആര്‍.എസ്.എസ് നേതാവാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും ഒഴിവാകാനും തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ധാരണ ഉണ്ടാക്കാനുമായിരുന്നു കൂടിക്കാഴ്ച. ഇതിലൂടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറന്നു കൊടുക്കാമെന്ന ഉറപ്പാണ് മുഖ്യമന്ത്രി നൽകിയതെന്നും വി ഡി സതീശൻ ആരോപിച്ചു.

അതേസമയം, ബി.ജെ.പിയുമായുള്ള ആ ബന്ധമാണ് തൃശൂരിലും തുടര്‍ന്നത്. ബി.ജെ.പിയെ ജയിപ്പിക്കാന്‍ തൃശൂര്‍ പൂരം പൊലീസ് കലക്കിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കൂടാതെ, പൊലീസ് കമ്മിഷണര്‍ അഴിഞ്ഞാടി എന്നതായിരുന്നു സി.പി.എമ്മിന്റെ പ്രതിരോധം. എന്നാൽ, കമ്മീഷണർ അഴിഞ്ഞാടുമ്പോള്‍ തൃശൂരില്‍ ഉണ്ടായിരുന്ന എ.ഡി.ജി.പി അജിത്കുമാര്‍ ഇടപെടാതിരുന്നത് എന്തുകൊണ്ടാണ് ? മുഖ്യമന്ത്രിയുടെ അറിവോടെ പൊലീസിനെ ഉപയോഗിച്ച് തൃശൂര്‍ പൂരം കലക്കിയതു കൊണ്ടാണ് കൊലപാതകവും സ്വര്‍ണക്കള്ളക്കടത്തും സ്വര്‍ണംപൊട്ടിക്കലും കൈക്കൂലിയും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എ.ഡി.ജി.പി അജിത്കുമാറിനെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും സംരക്ഷിക്കുന്നതെന്നും വി ഡി സതീശൻ പറയുന്നു.

തെരഞ്ഞെടുപ്പ് കാലത്തും അതിന് മുന്‍പും ബി.ജെ.പിയുമായി മുഖ്യമന്ത്രി പിണറായി വിജയന് അവിശുദ്ധ ബന്ധമുണ്ട്. അത് ഒന്നുകൂടി ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ചെയ്തത്. ഇല്ലെങ്കില്‍ അറിഞ്ഞില്ലെന്നോ എ.ഡി.ജി.പി അവിടെ പോയിട്ടില്ലെന്നോ മുഖ്യമന്ത്രി പറയട്ടെ എന്നും വി ഡി സതീശൻ വെല്ലുവിളിച്ചു. കൂടാതെ, മുഖ്യമന്ത്രിക്ക് വേണ്ടി എ.ഡി.ജി.പി തൃശൂരില്‍ തങ്ങിയാണ് പൂരം കലക്കിയത്. കാരണം തെരഞ്ഞെടുപ്പ് കാലത്ത് ഇ.ഡി പിടിമുറുക്കിയത് സി.പി.എം നേതാക്കളുടെ കഴുത്തിലാണ്. തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ കരുവന്നൂരില്‍ ഒരു അന്വേഷണവുമില്ല. ഇതെല്ലാം പ്രതിപക്ഷം അന്നേ പറഞ്ഞതാണ്. പൂരം കലക്കി ഹൈന്ദവ വികാരമുണ്ടാക്കിയാണ് ബി.ജെ.പി ജയിച്ചത്. അത് ബി.ജെ.പിയും സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും വി ഡി സതീശൻ പറയുന്നു.

മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ് മൊഴി കൊടുത്തപ്പോള്‍ സ്വപ്‌ന സുരേഷിന്റെ സഹായിയെ തട്ടിക്കൊണ്ടു പോയതും അജിത് കുമാറാണ്. അതു കഴിഞ്ഞപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി അതിനേക്കാള്‍ വലിയ പദവിയില്‍ ഇരുത്തി. നിയമപരമായി ചെയ്യാന്‍ പാടില്ലാത്തതൊക്കെ ഇതുപോലെയുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് ചെയ്യിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നടപടി എടുക്കാന്‍ സാധിക്കാത്തത്. ഇപ്പോള്‍ എസ്.ഐ എസ്.പിക്കെതിരെ അന്വേഷിക്കുന്നതു പോലെയാണ്. എന്ത് ഇടപാടാണ് സംഘപരിവാറും സി.പി.എം നേതൃത്വവും തമ്മിലുള്ളതെന്നും മുഖ്യമന്ത്രി എന്തിനാണ് ജാവദേക്കറെ അഞ്ചാറ് തവണ കണ്ടതെന്നും വി ഡി സതീശൻ ചോദിക്കുന്നു.

അതേസമയം, സുജിത് ദാസ് എന്ന എസ്.പിയും എം.എല്‍.എയും തമ്മിലുള്ള ഫോണ്‍ സംഭാഷണം കേട്ടാല്‍ ഒരു നിമിഷം പോലും അയാളെ ആ സ്ഥാനത്ത് ഇരുത്താനാകില്ല. മൂന്ന് എസ്.പിമാര്‍ക്കെതിരെയാണ് അസംബന്ധം പറഞ്ഞത്. എ.ഡി.ജി.പിയുടെ ഭാര്യാ സഹോദരന്‍മാര്‍ക്കെതിരെ പോലും അഴിമതി ആരോപണം പറഞ്ഞു. അങ്ങനെയുള്ള ആളെയാണ് ഇപ്പോഴും സര്‍വീസില്‍ വച്ചുകൊണ്ടിരിക്കുന്നത്. മരം മുറിച്ചത് ഈ എസ്.പിയുടെ കാലത്തല്ലെന്നതിന് കള്ളത്തെളിവ് ഉണ്ടാക്കാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.

മുഖ്യമന്ത്രിയെ കാണാന്‍ പോയ ഭരണപക്ഷ എം.എല്‍.എ ഏത് ഭീഷണിക്ക് വഴങ്ങിയാണ് പുറത്തേക്ക് വന്നതെന്ന് അറിയില്ല. രണ്ട് കൊലപാതകം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ എ.ഡി.ജി.പിക്ക് എതിരെ ഉന്നയിച്ചിട്ടും എ.ഡി.ജി.പിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷം എം.എല്‍.എ പറഞ്ഞത്. അങ്ങനെയെങ്കില്‍ ശശിയുടെയും എ.ഡി.ജി.പിയുടെയും കഴുത്തില്‍ ഓരോ മാല കൂടി ഇട്ടിട്ട് പോരാമായിരുന്നു. ഊരിപ്പിടിച്ച വാളിന്റെ ഇടയിലൂടെ നടന്ന മുഖ്യമന്ത്രി എന്തിനാണ് തനിക്ക് താഴെയുള്ള രണ്ടു പേരെ ഭയപ്പെടുന്നത് ? രണ്ടു കൊലപാതകം ഉള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകളില്‍ പ്രതിപക്ഷം നിയമപരമായ പരിശോധന നടത്തുകയാണ്. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണം എന്നതാണ് യു.ഡി.എഫിന്റെ ആവശ്യമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments