നടിയും ലോക്‌സഭാ എംപിയുമായ കങ്കണ റനൗട്ട് സംവിധാനം ചെയ്ത ‘എമർജൻസി’ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിൽ. സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിനോട് നിർദേശിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി ബുധനാഴ്ച വ്യക്തമാക്കി. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തർക്കങ്ങളും പരാതികളും സെപ്റ്റംബർ 18 ന് മുമ്പ് തീർപ്പാക്കാനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട്
(സിബിഎഫ്സി ) കോടതി ഉത്തരവിട്ടു.
മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയിൽ കങ്കണയാണ് ഇന്ദിരയെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും സഹനിർമാണവും കങ്കണയാണ്. സെപ്റ്റംബർ 6ന് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചതിനു പിന്നാലെ സിഖ് വിഭാഗക്കാർ പരാതിയുന്നയിച്ചതിനെ തുടർന്നാണ് റിലീസ് അനിശ്ചിതത്വത്തിലായത്.