Kerala

ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആശ്വാസം ; ശുചിമുറിയും വിശ്രമസൗകര്യവും നിര്‍ബന്ധമാക്കി ടൂറിസം വകുപ്പ്

തിരുവനന്തപുരം : ടൂറിസ്റ്റ് ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കികൊണ്ട് മാർഗ്ഗനിർദ്ദേശം പുറത്തിറക്കി സംസ്ഥാന ടൂറിസം വകുപ്പ്. സഞ്ചാരികളുമായെത്തുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കേരളത്തിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ശുചിമുറിയും വിശ്രമസൗകര്യവും നിര്‍ബന്ധമാക്കികൊണ്ടാണ് ടൂറിസം വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

ടാക്സി ഡ്രൈവർമാർക്കും ആഭ്യന്തര, അന്തർദ്ദേശീയ വിനോദ സഞ്ചാരികളെ കൊണ്ടുപോകുന്ന മറ്റുള്ളവർക്കും മതിയായ വിശ്രമമുറിയും ബാത്ത്റൂം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും നൽകണമെന്ന് ഉത്തരവില്‍ പറയുന്നു. ടൂറിസം വകുപ്പിന് കീഴിലുള്ള ഗസ്റ്റ് ഹൗസുകളിലും കെ.ടി.ഡി.സി ഹോട്ടലുകളിലുമാണ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ വിശ്രമമുറിയും ശുചിമുറിയും ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ ടൂറിസം വ്യവസായത്തിലെ എല്ലാവര്‍ക്കും കൂടുതൽ പിന്തുണയും നല്ല അന്തരീക്ഷവും സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ.

അതേസമയം, ദീര്‍ഘകാലമായി ടാക്‌സി ഡ്രൈവര്‍മാര്‍ അനുഭവിക്കുന്ന പ്രയാസത്തിന് ഇതിലൂടെ പരിഹാരം കാണാനാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടാക്‌സി ഡ്രൈവര്‍മാര്‍ കേരളത്തിന്റെ ആതിഥേയ മര്യാദയുടെ പ്രചാരകരും ടൂറിസം അംബാസിഡര്‍മാരുമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *