പി.വി. അൻവർ മന്ത്രിയാകും; മാറ്റത്തിന് പിണറായി

ലോക്‌സഭയിലെ ദയനീയ തോൽവിയെ തുടർന്ന് മുന്നണിയിലും ഭരണത്തിലും അഴിച്ചു പണിക്ക് ഒരുങ്ങുകയാണ് പിണറായി.

മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ പിണറായി ഒരുങ്ങുന്നു. ലോക്‌സഭയിലെ ദയനീയ തോൽവിയെ തുടർന്ന് മുന്നണിയിലും ഭരണത്തിലും അഴിച്ചു പണിക്ക് ഒരുങ്ങുകയാണ് പിണറായി.

എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കിയത് ലോകസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയെ തുടർന്നായിരുന്നു. തിരഞ്ഞെടുപ്പിലെ പരാജയ പാപഭാരം ഇ.പി ജയരാജൻ്റെ തലയിലിട്ട് മുങ്ങിയെന്ന ആക്ഷേപം ഒഴിവാക്കുക എന്ന ലക്ഷ്യം കൂടി മുനിർത്തിയാണ് മന്ത്രിസഭ പുനസംഘടനയെ കുറിച്ച് മുഖ്യമന്ത്രി ആലോചിക്കുന്നത്.

സര്ക്കാര് ജീവനക്കാരുടെയും, പെൻഷൻ, ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെയും ആനുകൂല്യങ്ങൾ ധനമന്ത്രി കെ.എൻ ബാലഗോപാൽ തടഞ്ഞ് വെച്ചതും ലോക സഭയിലെ ദയനീയ തോൽവിക്ക് കാരണമായതായി കമ്മ്യൂണിസ്റ്റ് പാർട്ടി വിലയിരുത്തിയിരുന്നു. തുടർന്ന് ധനവകുപ്പ് ഭരണം ഏറെ കുറെ മുഖ്യമന്ത്രിയുടെ ഓഫിസ് ഏറ്റെടുത്തു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം എബ്രഹാമിൻ്റെ മേൽനോട്ടത്തിലാണ് ധനവകുപ്പ് ചലിക്കുന്നത്. പാവ മന്ത്രിയായി തൽസ്ഥാനത്ത് തുടരാൻ ബാലഗോപാലിനും താൽപര്യമില്ല. മറ്റൊരു വകുപ്പിലേക്ക് കെ.എൻ. ബാലഗോപാലിനെ മാറ്റും എന്നാണ് ലഭിക്കുന്ന സൂചന.

അനാരോഗ്യം അലട്ടുന്ന വനം മന്ത്രി എ.കെ. ശശീന്ദ്രനും സ്ഥാന ചലനം ഉണ്ടാകും. പകരം കുട്ടനാട് എം എൽ എ തോമസ് കെ തോമസ് മന്ത്രിയാകും. എൻ.സി.പി പ്രസിഡണ്ട് പി.സി ചാക്കോയുമായുള്ള അഭിപ്രായ വ്യത്യാസമായിരുന്നു തോമസ് കെ. തോമസിൻ്റെ മന്ത്രിസ്ഥാനത്തിന് തടസമായത്. ഇരുവരും രമ്യതയിൽ എത്തിയതോടെ തോമസ് കെ തോമസ് മന്ത്രിയാകും എന്ന് ഉറപ്പായി.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എ.ഡി. ജി.പി അജിത് കുമാറിനും എതിരെ ശക്തമായ വിമർശനങ്ങൾ അഴിച്ച് വിട്ട പി.വി അൻവർ മന്ത്രിസഭയിലെത്തിയേക്കും. ഇന്നലെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട അൻവർ കഴിഞ്ഞ ദിവസങ്ങളിലെ അങ്കം അവസാനിപ്പിച്ചിരുന്നു. സഖാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തമാണ് ചെയ്തെന്നും എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിക്ക് എഴുതി കൊടുത്തെന്നും വ്യക്തമാക്കിയ അൻവർ തൻ്റെ ഉത്തരവാദിത്വം ഇവിടെ അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞ് ആരോപണം മയപ്പെടുത്തുക ആയിരുന്നു.

അൻവർ മന്ത്രിസഭയിലെത്തിയാൽ വി. അബ്ദു റഹിമാൻ്റെ മന്ത്രിസ്ഥാനം തെറിക്കും. രണ്ടര വർഷം കഴിഞ്ഞ് അഹമ്മദ് ദേവർ കോവിലിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയിട്ടും അബ്ദു റഹിമാനെ മന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി അനുവദിക്കുക ആയിരുന്നു.

29 ഓളം വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നുണ്ട്. ചില വകുപ്പുകൾ മന്ത്രിമാർക്ക് നൽകാൻ മുഖ്യമന്ത്രി തയ്യാറായേക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് കൈകാര്യം ചെയ്തതിൽ സജി ചെറിയാന് വീഴ്ച പറ്റി എന്ന വിമർശനം ശക്തമാണ്. അതുകൊണ്ട് തന്നെ സജി ചെറിയാനിൽ നിന്ന് സിനിമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കും എന്ന അഭ്യൂഹവും ഉണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ മന്ത്രിസഭയുടെ മുഖം മിനുക്കൽ അല്ലാതെ മറ്റൊരു പോം വഴിയും പിണറായിയുടെ മുന്നിൽ ഇല്ല. സാമ്പത്തിക പ്രതിസന്ധിയും ആരോപണശരങ്ങളും ഏറ്റ് സർക്കാര് ശരശയ്യയിൽ ആണെന്നത് ഏറ്റവും നന്നായറിയാവുന്നത് പിണറായിക്ക് തന്നെയാണ്. ഒക്ക ചങ്ങായി ആയ ഇ.പി ജയരാജൻ്റെ കസേര തെറിച്ചതോടെ മുന്നണിയിലും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ പിടി മുറുക്കിയിരിക്കുകയാണ്.

മന്ത്രിമാരായ വീണ ജോർജ്, ബിന്ദു, എം.ബി രാജേഷ് ഇവരുടെ പ്രകടനവും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരുന്നില്ല. എന്നാൽ ഇവരെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള സാധ്യത കുറവാണ്. ചില മന്ത്രിമാരുടെ വകുപ്പുകൾ വെച്ചുമാറി മന്ത്രിസഭയ്ക്ക് പുതിയ മുഖം നൽകാനും മുഖ്യമന്ത്രി ആലോചിക്കുന്നു. അനാരോഗ്യം അലട്ടുന്ന പിണറായി തൻ്റെ രാഷ്ട്രിയ ജീവിതത്തിൻ്റെ വിരമിക്കൽ ഘട്ടത്തിലാണ്. അടുത്ത തെരഞ്ഞെടുപ്പിൽ പുതിയ നേതൃത്വം ആകും എൽ.ഡി. എഫിനെ നയിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments