ബെംഗളൂരു : 2022 ല്‍ പുറത്തിറങ്ങിയ ഒരു കൊച്ചുചിത്രം തീരദേശ കർണാടകയില്‍ നിന്നുള്ള ഒരു നാടോടി മിത്തും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംഘടനവും എല്ലാം ചിത്രീകരിച്ചാണ് ലോകമെങ്ങും സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയത്.കമല്‍ഹാസൻ, ഹൃത്വിക് റോഷൻ, പ്രഭാസ്, ധനുഷ്, പൃഥ്വിരാജ് സുകുമാരൻ തുടങ്ങി നിരവധി ഇന്ത്യൻ സിനിമാ സെലിബ്രിറ്റികള്‍ ഈ ചിത്രത്തെ അന്ന് അനുമോദിച്ചു.
2022-ല്‍ തീയറ്ററില്‍ എത്തിയ കാന്താര വെറും 16 കോടി രൂപ മുതല്‍മുടക്കില്‍ നിർമ്മിച്ച് ലോകമെമ്പടുമുള്ള ബോക്‌സ് ഓഫീസില്‍ 400 കോടിയിലധികം നേടിയിരുന്നു. 2022 വർഷത്തെ രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. ചിത്രത്തിലെ ഗാനത്തിന്‍റെ പേരില്‍ കോപ്പിയടി വിവാദത്തിൽ അടക്കം വന്നിട്ടും ചിത്രം ശ്രദ്ധിക്കപ്പെട്ടു.
ആദ്യം കര്‍ണാടകയില്‍ മാത്രം റിലീസ് ചെയ്ത ചിത്രം വലിയതോതില്‍ പ്രേക്ഷക പ്രീതി നേടിയതോടെ
പ്രൊഡക്ഷൻ ഹൗസായ ഹോംബാലെ ഫിലിംസ് ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത് ഇറക്കുതയായിരുന്നു. എന്‍റര്‍ടെയ്മെന്‍റ് ട്രാക്കിംഗ് പോർട്ടലായ സാക്നില്‍ക് പറയുന്നതനുസരിച്ച് ചിത്രം ഇന്ത്യയില്‍ 310 കോടി രൂപ നേടുകയും ലോകമെമ്പടുമായി 408 കോടി രൂപ നേടുകയും ചെയ്തു.
മലയാളം മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജ് കന്താരയ്‌ക്കെതിരെ കോപ്പിയടി ആരോപിച്ച് രംഗത്ത് എത്തിയത് വിവാദമായിരുന്നു. ചിത്രത്തിലെ ട്രാക്ക് വരാഹ രൂപം തങ്ങളുടെ നവരസം ഗാനത്തിന്‍റെ തനിപ്പകർപ്പാണെന്നാണ് ഇവര്‍ അവകാശപ്പെട്ടു. കുറച്ച് ദിവസത്തേക്ക് തീയറ്ററുകളില്‍ നിന്നും ചിത്രത്തിന്‍റെ സ്ട്രീമിംഗ് പതിപ്പില്‍ നിന്നും നിർമ്മാതാക്കള്‍ ട്രാക്ക് നീക്കം ചെയ്തു. ആത്യന്തികമായി, കോഴിക്കോട് ജില്ലാ കോടതി കേരള ബാൻഡിന്‍റെ ഹർജി തള്ളുകയും ബി. അജനീഷ് ലോക്നാഥ് സംഗീതം നല്‍കിയ വരാഹ രൂപം വീണ്ടും കാന്താരയിലേക്ക് ചേർക്കുകയും ചെയ്തു.
ഈ വർഷം ആദ്യം പ്രഖ്യാപിച്ച 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ കന്താര മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്‌കാരം ചിത്രത്തിലെ പ്രധാന നടനും സംവിധായനുമായ ഋഷബ് ഷെട്ടി നേടി. ചിത്രത്തിന്‍റെ ക്ലൈമാക്‌സില്‍ ഋഷഭിന്‍റെ നായക കഥാപാത്രമായ ശിവൻ ഗുളികനായി മാറുന്ന കാഴ്ച വലിയ വിസ്മയമായിരുന്നു. അതേ സമയം ദേശീയ അവാര്‍ഡ് നേട്ടത്തിന് പിന്നാലെ ചിത്രത്തിന്‍റെ റിറിലീസിന് ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍ എന്നാണ് പുതിയ വാര്‍ത്ത.
അതേ സമയം ചിത്രത്തിന്‍റെ പ്രീക്വലിന്‍റെ നിര്‍മ്മാണത്തിലാണ് ഋഷഭ് ഷെട്ടി. അടുത്ത വര്‍ഷം ചിത്രം തീയറ്ററില്‍ എത്തിയേക്കും. മുന്‍ ചിത്രത്തെ അപേക്ഷിച്ച് വന്‍ ബജറ്റിലാണ് ചിത്രം എത്തുന്നത് എന്നാണ് വിവരം. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്‍റെ സ്ട്രീമിംഗ് അവകാശം ഇപ്പോള്‍ തന്നെ പ്രൈം വീഡിയോ വാങ്ങിയിട്ടുണ്ട്. കാന്താര പാര്‍ട്ട് 1 എന്നാണ് ചിത്രത്തിന്‍റെ പേര്. ആദ്യത്തെ കാന്തര സിനിമയ്ക്ക് മുന്‍പ് നടക്കുന്ന കഥയാണ് ചിത്രത്തിന്‍റെ അടിസ്ഥാനം.