ആര് ചത്താലും കേരളീയം നടത്തും ; കോടികൾ അനുവദിച്ച് സർക്കാർ

കേരളീയത്തിന് 7.40 കോടി അനുവദിച്ചു ധനമന്ത്രി കെ.എൻ ബാലഗോപാൽ. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ആഗസ്ത് 27 ന് കെ.എൻ ബാലഗോപാലിനോട് പണം ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണെങ്കിലും റിയാസ് ആവശ്യപ്പെട്ടാൽ പണം അനുവദിച്ചില്ലെങ്കിൽ കസേര കാണില്ല എന്ന് കെ എൻ ബാലഗോപാലിന് നന്നായിട്ടറിയാം. അതിനാൽ തന്നെ ആഗ്സ്ത് 31, അതായത് മുഹമ്മദ് റിയാസ് പണം ആവശ്യപ്പെട്ട് മൂന്നാം ദിവസം തന്നെ ബാലഗോപാൽ പണം അനുവദിച്ചു. എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനെ മാത്രമല്ല മരുമകൻ മുഹമ്മദ് റിയാസിനേയും പേടിക്കണം എന്നതാണ് മന്ത്രിമാരുടെ അവസ്ഥ.

2023 ൽ നടന്ന കേരളീയം പരിപാടിയുടെ പെൻഡിംഗ് ബില്ലുകൾ കൊടുക്കാനാണ് 7.40 കോടി അനുവദിച്ചിരിക്കുന്നത്. 2023 നവംബറിൽ ആയിരുന്നു കേരളീയം പരിപാടി നടന്നത്. 27 കോടിയായിരുന്നു ഖജനാവിൽ നിന്ന് ബാലഗോപാൽ കേരളീയത്തിനായി പൊടിപൊടിച്ചത്.
ബാക്കി തുക സ്പോൺസർഷിപ്പ് വഴിയും സകല മാഫിയകളുടെ കയ്യിൽ നിന്നും കേരളീയത്തിനായി പിരിച്ചു. എന്നാൽ സ്പോൺസർമാരുടെ പേരുകൾ ഇപ്പോഴും അജ്ഞാതം തന്നെയായി തുടരുകയാണ്. അതിനാലാണ് സ്പോൺസർമാർ മാഫിയകൾ ആണെന്ന് പ്രതിപക്ഷം ആരോപണം ശക്തമാക്കുന്നത്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ ഏഴ് വരെയായിരുന്നു കഴിഞ്ഞവർഷം കേരളീയമെന്ന പേരില്‍ വിവിധ കലാ- സാസ്‌കാരിക പരിപാടികള്‍ തലസ്ഥാനത്ത് സംഘടിപ്പിച്ചത്.

കേരളം കൈവരിച്ച നേട്ടങ്ങളെയും വിവിധ മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയുംക്കുറിച്ചുള്ള സംവാദങ്ങളും, തനത് വിഭവങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കാര്‍ഷികവ്യവസായ പുരോഗതിയെയും നൂതന സാങ്കേതികവിദ്യ രംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്ന പ്രദര്‍ശനങ്ങളും ഒക്കെ ഉള്‍ക്കൊള്ളിച്ചാണ് പരിപാടി വിഭാവനം ചെയ്തത്. എല്ലാവര്‍ഷവും കേരളപ്പിറവി ദിനത്തില്‍ തുടരുന്ന രീതിയാണ് കേരളീയമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാൽ ചരിത്രത്തിൽ ഇതുവരെയില്ലാത്ത കടക്കെണിയിൽ കുടുങ്ങി, ക്ഷേമ പെൻഷനുകൾ, കുട്ടികളുടെ ഉച്ചഭക്ഷണം, ജീവനക്കാരുടെ ആനുകൂല്യങ്ങൾ തുടങ്ങി സകലതും മുടങ്ങി നിൽക്കുന്ന സാഹചര്യത്തിൽ ഇത്രയും ചെലവ് ഖജനാവിന് താങ്ങാവുന്നതാണോ എന്ന വിമർശന ചോദ്യങ്ങൾക്ക് കാര്യമായ മറുപടിയൊന്നും സർക്കാരിന് പറയാനില്ലെന്നതാണ് വാസ്തവം.

മമ്മൂട്ടി , മോഹൻലാൽ , കമലഹാസൻ, ശോഭന എന്നിവരടക്കം നിരവധി കലാകാരൻമാർ മുഖ്യമന്ത്രിയോടൊപ്പം കേരളീയത്തിൽ പങ്കെടുത്തിരുന്നു. അതേസമയം, ശോഭനയ്ക്ക് കേരളീയത്തിനായി നൽകിയത് ലക്ഷങ്ങൾ ആയിരുന്നു. കേരളീയം കഴിഞ്ഞ് 2 മാസം കഴിഞ്ഞപ്പോൾ ശോഭന വീണ്ടും തിരുവനന്തപുരത്ത് എത്തി. ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ട് പിടിക്കാനായിരുന്നു ശോഭന തലസ്ഥാനത്ത് എത്തിയത്. ഇതോടെ ശോഭനയെ അടുത്ത കേരളീയത്തിന് വിളിക്കില്ലെന്ന ദൃഢപ്രതിജ്ഞയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, വയനാട് ദുരന്ത പശ്ചാത്തലത്തിൽ അടുത്ത കേരളീയം ഇപ്പോൾ സംസ്ഥാന സർക്കാർ നടത്തുമോ എന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും അതിൽ പ്രസക്തിയില്ല എന്ന് തന്നെയാണ് പ്രതിപക്ഷം പറയുന്നത്.

ഓണം വാരാ ഘോഷം മാറ്റിയാലും കേരളീയം മാറ്റാൻ മുഖ്യൻ ഒരുക്കമല്ല എന്ന് ചുരുക്കം. എന്തൊക്കെ സംഭവിച്ചാലും വയനാട് ദുരന്തബാധിതർക്ക് നഷ്ടപരിഹാരം കിട്ടിയാലും ഇല്ലെങ്കിലും 2024 ഡിസംബറിൽ അടുത്ത കേരളീയം നടന്നിരിക്കും. പുതുതായി ചാർജ് എടുത്ത ചീഫ് സെക്രട്ടറി ശാരദ മുരളിധരനാണ് കേരളീയത്തിൻ്റെ ചാർജ്, മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. അതേസമയം, പിരിവ് എല്ലാം പഴയതു പോലെ തന്നെയാണ്. ബാലഗോപാൽ വഴിയും സ്പോൺസർമാർ വഴിയും കേരളീയത്തിലേക്ക് ഒഴുകുന്നത് കോടികൾ തന്നെയായിരിക്കും. എന്തായാലും ഇത്തവണയും സ്പോൺസർമാർ അജ്ഞാതരായി തുടരും എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. അതിനാൽ തന്നെ നികുതി ഖജനാവിൽ എത്തിയില്ലെങ്കിലും കേരളീയം കളറാകും എന്ന് ഉറപ്പ്. ഇതിനിടയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രമുഖ നടൻമാർ ശോകമൂകമായി ഇരിക്കുന്നതിനാലും അമേരിക്കയിൽ നിന്ന് യേശുദാസിനെ കേരളീയം പരിപാടിക്ക് എത്തിക്കാനാണ് പിണറായിയുടെ നീക്കം. എന്നാൽ ശോഭനക്ക് പകരം ആര് വരുമെന്ന് കണ്ടറിയണം.

1 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments