മന്ത്രിമന്ദിരങ്ങളിലേക്കുള്ള റോഡ് പുനർനിർമ്മിക്കാൻ 63 ലക്ഷത്തിൻറെ ടെണ്ടർ. പൊതുജനം യാത്ര ചെയ്യുന്ന റോഡ് പണിയാൻ ഖജനാവിൽ പണമില്ലെന്ന ന്യായം ചമയ്ക്കുന്ന സർക്കാരാണ് ലക്ഷങ്ങൾ മുടക്കി ക്ലിഫ് ഹൗസ് കോബൗണ്ടിലെ റോഡ് പുനർനിർമ്മിക്കുന്നത്. 40 എംഎം ചിപ്പിങ് കാർപെറ്റ് നിരത്തിയാണ് റോഡ് മോടി പിടിപ്പിക്കുക. ശരാശരി ചിപ്പിങ് കാർപെറ്റ് കനം 10 മുതൽ 25 മില്ലിമീറ്റർ ആണെന്ന് ഇരിക്കെയാണ് 40 എംഎം റോഡ് പണിയാൻ സർക്കാർ നടപടി സ്വീകരിച്ചത്. ഇതിനായുള്ള ടെൻഡർ നടപടികൾ സർക്കാർ ആരംഭിച്ച് കഴിഞ്ഞു.
ക്ലിഫ് ഹൗസ് കോമ്പൗണ്ടിൽ മുഖ്യമന്ത്രിയെ കൂടാതെ 9 മന്ത്രിമാരുടെ ഔദ്യോഗിക വസതികളാണുള്ളത്. മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, പി.രാജീവ്, എം.ബി രാജേഷ്, ഒ.ആർ. കേളു , റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, പി. പ്രസാദ്, ജെ. ചിഞ്ചുറാണി എന്നിവരുടെ ഔദ്യോഗിക വസതികളാണ് ക്ലിഫ് ഹൗസ് കോമ്പൗണ്ടിൽ ഉള്ളത്. സംസ്ഥാനത്തെ റോഡുകൾ നന്നാക്കാൻ ചെറുവിരൽ അനക്കാത്ത മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും റോഡുകൾക്ക് ഫണ്ട് അനുവദിക്കാത്ത കെ.എൻ ബാലഗോപാലിനും സ്വന്തം വസതിയിലെക്കുള്ള റോഡുകൾ നന്നാക്കാൻ ലക്ഷങ്ങൾ ചെലവഴിക്കാൻ യാതൊരു മടിയുമില്ല.
മഴക്കാലമായതോടെ കേരളത്തിലെ ഒട്ടുമിക്ക റോഡുകളും തകർന്ന് കുളമായി മാറിയിരിക്കുകയാണ്. എഐ ക്യാമറ വഴി പെറ്റി അടിച്ച് സാധാരണക്കാരനെ പിഴിഞ്ഞ് വരുമാനം കൂട്ടുമ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിൽ സർക്കാർ ഉദാസീനത തുടരുകയാണ്. മഴയാകുമ്പോൾ ഇളകി പോകാൻ റോഡുകൾ ‘പശവെച്ച് ഒട്ടിക്കുകയാണോ’ എന്ന ഹൈക്കോടതി വിമർശനം പോലും സർക്കാരിനെ നേർവഴിക്ക് നയിച്ചിട്ടില്ല എന്നതും നമുക്ക് മുന്നിലുണ്ട്. ജനക്ഷേമം നടത്തിയില്ലെങ്കിലും സ്വയം സേവ ഉറപ്പാക്കാൻ യാതൊരു കുറവും വരുത്താത്ത ഇടതുപക്ഷ സർക്കാരിൻറെ സമീപനം വലിയ വിമർശങ്ങൾക്കാണ് വഴിയൊരുക്കുന്നത്.
മുൻപ് ക്ലിഫ് ഹൗസ് മോഡി പിടിപ്പിക്കാൻ ലക്ഷങ്ങൾ ചിലവഴിച്ച വാർത്തകളും പുറത്തുവന്നിരുന്നു. സെക്യൂരിറ്റി ഗാർഡ് റൂം നിർമ്മിക്കാൻ 98 ലക്ഷം, കർട്ടൻ വാങ്ങാൻ 7 ലക്ഷം, കാലിത്തൊഴുത്തിന് 23 ലക്ഷം, ചാണകക്കുഴിക്ക് 4.4 ലക്ഷം, ലിഫ്റ്റ് വയ്ക്കാൻ 17 ലക്ഷം, ഇതിനായി പൈപ്പ് ലൈൻ മാറ്റാൻ 5.5 ലക്ഷം, പെയിൻറ്റ് അടിക്കാൻ 12 ലക്ഷം, ശുചിമുറി നന്നാക്കാൻ 3 ലക്ഷം തുടങ്ങി ഏകദേശം ഒരുകോടി 80 ലക്ഷത്തോളം രൂപയാണ് കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് മോടിപിടിപ്പിക്കാൻ സർക്കാർ ചെലവാക്കിയത്. മോടിപിടിപ്പിക്കൽ ഇനിയും കഴിഞ്ഞിട്ടില്ലെന്നതിൻറെ സൂചനയാണ് ഇപ്പോഴത്തെ നടപടി.
ഖജനാവ് കാലിയാക്കിയതുകൊണ്ട് ജനക്ഷേമ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ ആയിരിക്കുന്ന ഘട്ടത്തിലും മന്ത്രി മന്ദിരങ്ങൾക്ക് കുറവൊന്നും വരുന്നില്ലെന്ന് ഉറപ്പ് വരുത്താൻ സർക്കാർ ശ്രമിക്കുന്നതിൻറ്റെ ഒടുവിലത്തെ തെളിവാണ് ഈ ധൂർത്ത്.
അടുത്ത തവണയും വോട്ട് മാർക്സിസ്റ്റ് പാർട്ടിക്ക് തന്നെ. നിങ്ങളും ചെയ്യണേ.