KeralaKerala Government News

എംഎൽഎയുടെ വാക്കിനു പുല്ലുവില പൈപ്പിടൽ ‘തുടരും’

എംഎൽഎയുടെ വാക്കിന് പുല്ലുവില നൽകി ജല അതോറിറ്റി ഉദ്യോഗസ്ഥർ. അമൃത് പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് സ്ഥാപിക്കൽ ഓഗസ്റ്റ് 31 നകം പൂർത്തീകരിക്കാൻ പി.നന്ദകുമാർ എംഎൽഎ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിരുന്നു. നടപടിയുണ്ടായില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നു വരെ എംഎൽഎ ഉദ്യോഗസ്ഥ യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ, പൈപ്പ് സ്ഥാപിക്കൽ പൂർത്തീകരിച്ചിട്ടില്ല. പൊളിച്ചിട്ട റോഡുകൾ നിലവിൽ ഗതാഗതയോഗ്യമല്ല.

റോഡുകളുടെ തകർച്ചയിൽ രോക്ഷാകുലനായ എംഎൽഎയോട് ഉടൻ ശരിയാക്കുമെന്ന് തലയാട്ടിപ്പോയ ഉദ്യോഗസ്ഥരൊന്നും തകർന്ന റോഡിലേക്ക് തിരിഞ്ഞു നോക്കിയില്ല.  അമൃത് പദ്ധതിയുടെ ഭാഗമായുള്ള നിർമാണം മന്ദഗതിയിലാണ് പുരോഗമിക്കുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം. ജനജീവിതം ദുസ്സഹമാക്കിയാണ് ജലഅതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കലെന്നും ആരോപണമുണ്ട്. 

ജൂലൈ 25ന് വിളിച്ചു ചേർത്ത യോഗത്തിലാണ് എംഎൽഎ ഉദ്യോഗസ്ഥരോട് രോഷാകുലനാവുകയും നിർമാണം പൂർത്തിയാക്കുന്നതിന് അവസാന തീയതി നൽകി ഉദ്യോഗസ്ഥർക്ക് താക്കീത് നൽകുകയും ചെയ്തത്. ഈ യോഗം കഴിഞ്ഞതിനു ശേഷവും കാര്യമായ വേഗം പദ്ധതിക്കുണ്ടായില്ലെന്നാണ് ആക്ഷേപം. പൊന്നാനിയിലെ പ്രധാനപ്പെട്ട റോഡുകൾ വരെ ഗതാഗതയോഗ്യമല്ലാതെ കിടക്കുകയാണ്.

റോഡ് നവീകരണത്തിന് 1.2 കോടി രൂപ നഗരസഭയുടെ വകയാണ്. എന്നിട്ടും പണി ചെയ്യാനും ഫയലുകൾ നീക്കാനുമാണ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ മടിച്ചു നിൽക്കുന്നത്. പൈപ്പ് സ്ഥാപിക്കലിന് ഇനി 60 മീറ്റർ മാത്രമേ ബാക്കിയുള്ളുവെന്നും ഈ ഭാഗത്ത് നിർമാണത്തിന് സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതുകൊണ്ടാണ് നിർമാണം വൈകുന്നതെന്നുമാണ് ജല അതോറിറ്റി അധികൃതർ  നൽകുന്ന വിശദീകരണം. അതേസമയം, നിർമാണം പൂർത്തിയായി ഔദ്യോഗിക അറിയിപ്പ് കിട്ടിയാൽ മാത്രമേ റോഡ് നവീകരണം തുടങ്ങാൻ കഴിയുകയുള്ളവെന്നാണ്  ദേശീയപാത വിഭാഗത്തിൻ്റെ മറുപടി. കുറ്റകരമായ അനാസ്ഥ
ഓഗസ്റ്റ് 31ന് അകം ശുദ്ധജല പൈപ്പ് സ്ഥാപിക്കൽ പൂർത്തിയാക്കണമെന്ന് കർശന നിർദേശം നൽകിയതാണ്. ഇത് പാലിക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയാണ്. ജനജീവിതത്തെ ദുസ്സഹമാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയുണ്ടാകും. എത്രയും വേഗം ഇവരിൽ നിന്ന് വിശദീകരണം തേടും.

Leave a Reply

Your email address will not be published. Required fields are marked *