മുഖ്യന്ത്രിക്ക് എതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ്. ഒന്നുകിൽ പിണറായി സ്വന്തം ഓഫീസിൽ നടക്കുന്നത് അറിയാത്ത, നടപടി എടുക്കാൻ ഭയക്കുന്ന ഭീരു, അല്ലെങ്കിൽ കൊള്ളക്കാർക്ക് കുട പിടിക്കുന്ന ക്രിമിനലുകളുടെ തോഴൻ. അതുകൊണ്ട് തന്നെ പിണറായി വിജയൻ മുഖ്യമന്ത്രിപദം ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു വിമർശനം.
കുറ്റാരോപിതർ ഉന്നത അധികാര സ്ഥാനങ്ങളിൽ തുടരുമ്പോൾ അന്വേഷണം എങ്ങനെ കാര്യക്ഷമമായി നടക്കുമെന്ന ചോദ്യവും പ്രതിപക്ഷ നേതാവ് ഉയർത്തി. ആരോപണ വിധേയരായ എഡിജിപി എം.ആർ. അജിത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയേയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം പ്രഹസനം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാ വൃത്തികേടുകളും നടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ്. സ്വർണ്ണക്കടത്ത്, കൊള്ള, കൊല തുടങ്ങി ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയരുന്നത്. പക്ഷേ നടപടി എടുക്കാനുള്ള ആർജ്ജവം പിണറായിക്ക് ഇല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിലൂടെ വ്യക്തമാകുന്നത് ഈ ക്രിമിനലുകൾക്ക് പിണറായി പിന്തുണ നൽകുന്നുവെന്നാണെന്നും അദ്ദേഹം വിമർശിച്ചു.
പിണറായി വിജയനും ബിജെപിയും തമ്മിലുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടാണ് തൃശൂർ പൂരം കലക്കിയത് എന്നും അദ്ദേഹം വിമർശിച്ചു. ഹൈന്ദവ വികാരം ഉണർത്തി ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ വേണ്ടി ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യൻ അറിഞ്ഞുകൊണ്ടാണ് തൃശൂരിൽ അരങ്ങേറിയത് എന്നും അദ്ദേഹം പിണറായി വിജയനെ കുറ്റപ്പെടുത്തി.