ജയ്പൂർ: ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം തകർന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു. പരിശീലന പറക്കലിനിടെയായിരുന്നു അപകടം. രാജസ്ഥാനിൽ ബാർമറിലാണ് അപകടമുണ്ടായത്. തിങ്കഴാഴ്ച രാത്രി പത്ത് മണിയോടെ ജനവാസ മേഖലയിൽ നിന്നും മാറി വയലിലാണ് യുദ്ധവിമാനം തകർന്നു വീണതെന്ന് വ്യോമസേന അധികൃതർ അറിയിച്ചു. വിമാനത്തിൻറെ സാങ്കേതിക തകരാറാണ് അപകട കാരണം. അപകടത്തിൽ വിമാനം കത്തി നശിച്ചിട്ടുണ്ട്.
ജയ്പൂരിലെ ബാർമർ സെക്ടറിൽ തിങ്കളാഴ്ച രാത്രി പതിവ് പരിശീലന ദൗത്യത്തിനിടെയാണ് മിഗ് -29 യുദ്ധവിമാനം സാങ്കേതിക തകരാർ മൂലം തകർന്ന് വീണത്. അപകടത്തിൽ നിന്നും പൈലറ്റ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
വിമാനം തകർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയർഫോഴ്സ് വ്യക്തമാക്കി. ബാർമർ കളക്ടർ നിശാന്ത് ജെയിൻ, പോലീസ് സൂപ്രണ്ട് നരേന്ദ്ര മീണ, വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.