തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം വഴങ്ങുന്ന സൂചന നൽകി അൻവറിൻറെ പ്രതികരണം. ആരോപണവിധേയനായ എഡിജിപി എം.ആർ.അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവരെ മാറ്റി നിർത്തണോ എന്ന് പാർട്ടി തീരുമാനിക്കട്ടെ എന്നാണ് സെക്രട്ടറിയേറ്റിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം അൻവർ പ്രതികരിച്ചത്. അതേസമയം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ മുഖ്യമന്ത്രി അൻവറിനെ ശാസിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഒരു സഖാവെന്ന നിലയിലാണ് താൻ വിഷയത്തില്‍ ഇടപെട്ടത് എന്നും ഇക്കാര്യത്തില്‍ തന്റെ ഉത്തരവാദിത്വം കഴിഞ്ഞെന്നും അന്‍വര്‍ പറഞ്ഞു. പോലീസിലെ പുഴുക്കുത്തുകളെ തുറന്ന് കാട്ടുകയാണ് ചെയ്തത്. താന്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പരാതിയും ആരോപണങ്ങളും മുഖ്യമന്ത്രിക്ക് എഴുതി നൽകി എന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ പകർപ്പ് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എഡിജിപി എം.ആര്.അജിത് കുമാറിനുമെതിരേ സ്വർണ്ണക്കടത്തും, കൊലപതകവും ഉൾപ്പെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് എംഎല്‍എ ഉന്നയിച്ചത്. ഇത് സംബന്ധിച്ച രേഖകള്‍ കൈമാറാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എംഎല്‍എ മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രിയും എംഎല്‍എയുമായുള്ള കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. എന്നാൽ രേഖകളൊന്നും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.