
ജഡ്ജിമാർക്ക് വാഹനം വാങ്ങാൻ 81.51 ലക്ഷം അനുവദിച്ച് കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാർക്ക് വാഹനം വാങ്ങാൻ 81.51 ലക്ഷം അനുവദിച്ച് ധനമന്ത്രിയുടെ ഉത്തരവ്. സംസ്ഥാനത്ത് പ്രാബല്യത്തിലുള്ള ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചത്.
ജൂലൈ 19 ന് ജഡ്ജിമാർക്ക് വാഹനം വാങ്ങാൻ 3.79 കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞ മാസം 15 ന് ജഡ്ജിമാരുടെ ഗ്രാറ്റുവിറ്റി വർധിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ഓഗസ്റ്റിൽ തന്നെ നൽകാനുള്ള കുടിശ്ശിക 12 കോടിയോളം രൂപയും അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഓഗസ്റ്റ് 23 നാണ് വാഹനം വാങ്ങാൻ 81 ലക്ഷം അനുവദിച്ച് ഉത്തരവായത്.
അതേസമയം പങ്കാളിത്ത പെൻഷൻകാർക്ക് ഗ്രാറ്റുവിറ്റി അനുവദിക്കാത്ത ഏക സംസ്ഥാനമാണ് കേരളം. പി. എഫ്. മുൻകൂർ പിൻവലിക്കുന്നതിലും സർക്കാർ നിയന്ത്രണമുണ്ട്. ക്ഷേമപെൻഷൻ , ജീവനക്കാരുടെ ക്ഷാമബത്ത, ശമ്പള പരിഷ്കരണ കുടിശിക , പെൻഷൻകാരുടെ ക്ഷാമ ആശ്വാസം, ഡി.ആർ, പെൻഷൻ പരിഷ്കരണ കുടിശിക തുടങ്ങിയ ആനുകൂല്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തടഞ്ഞ് വച്ചിരിക്കുമ്പോഴാണ് ചുരുങ്ങിയ ഇടവേളകളിൽ ജഡ്ജിമാർക്ക് വാഹനം വാങ്ങാൻ ലക്ഷങ്ങളും കോടികളും അനുവദിക്കുന്നത് എന്നതാണ് വിരോധാഭാസം.