ജാർഖണ്ഡിൽ കോൺസ്റ്റബിൾ തസ്‌തികയിലേക്ക് നടന്ന ശാരീരിക ക്ഷമത മത്സരത്തിനിടെ വീണ്ടും മരണം. ഇതോടെ ശാരീരിക ക്ഷമത മത്സരത്തിനിടെ മരിച്ച ഉദ്യോഗാർഥികളുടെ എണ്ണം 12 ആയി. ശാരീരിക ക്ഷമത വിലയിരുത്തുന്ന 10 കിലോമീറ്റർ ഓട്ടമത്സരത്തിൽ അവസാന ലാപ്പിലാണ് ഇന്നലെ മറ്റൊരു ഉദ്യോഗാർഥി കൂടി മരിച്ചത്. ഇതോടെ സെപ്റ്റം ബർ 4 വരെ നടക്കേണ്ടിയിരുന്ന ശാരീരിക ക്ഷമത മത്സരങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ, ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
ഉദ്യോഗാർഥികളിൽ ചിലർ ഉത്തേജകമരുന്ന് കഴിച്ചിരുന്നതായാണ് നിഗമനം. പ്രകടനശേഷി വർധിപ്പിക്കുന്നതിനായാണ് ഇവർ ഇത്തരം മരുന്നുകൾ ഉപയോഗിച്ചിരുന്നതെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച മിക്കവാറും ഉദ്യോഗാർഥികൾക്കും താഴ്ന്ന രക്തസമ്മർദം രേഖപ്പെടുത്തിയിരുന്നതായും ഡാൽടോൻഗഞ്ചിലെ മെദിന്രായ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. അബോധാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെടുന്ന ഉദ്യോഗാർഥികളിൽ പലരുടെയും അവയവങ്ങൾ തകരാറിലായിരുന്നെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
അതിനിടെ മുൻ ബിജെപി സർക്കാർ രൂപീകരിച്ച ശാരീരിക ക്ഷമതാ പരിശോധനയ്ക്കുള്ള റിക്രൂട്ട്‌മെൻ്റ് നിയമങ്ങൾ ഉടനടി അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉത്തരവിട്ടു. ഒരു മണിക്കൂറിനുള്ളിൽ 10 കിലോമീറ്റർ ഓട്ടം എന്ന ലക്ഷ്യം കുറയ്ക്കുന്നതിനെക്കുറിച്ചും അധികൃതർ ആലോചിക്കുന്നുണ്ട്. തുടർ നടപടികൾക്കായി മരിച്ച ഉദ്യോഗാർഥികളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്ന് ഡിജിപി അനുരാഗ് ഗുപ്ത പറഞ്ഞു.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനെ ഉടൻ സമീപിക്കുമെന്ന് ബിജെപി അറിയിച്ചു. മരിച്ച ഉദ്യോഗാർഥികളുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ബന്ധുക്കൾക്ക് ജോലി നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിജെപിയുടെ ഇൻഹൗസ് ഫണ്ടിൽനിന്ന് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ഹിമന്ത് ബിശ്വ ശർമ പ്രഖ്യാപിച്ചു.