രണ്ട് മത്സര പരമ്പര തൂത്തുവാരിയ ബംഗ്ലാദേശ് പാകിസ്ഥാനില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേട്ടമെന്ന ചരിത്രനേട്ടവും സ്വന്തമാക്കി.
റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ആധികാരിക ജയവുമായി ചരിത്രനേട്ടം സ്വന്തമാക്കി ബംഗ്ലാദേശ്. രണ്ടാം ടെസ്റ്റില്‍ നാലാം ഇന്നിംഗ്സില്‍ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തിയത്. 40 റണ്‍സ് എടുത്ത ഓപ്പണര്‍ സാക്കിര്‍ ഹസനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോ 38 റണ്‍സടിച്ചു. സ്കോര്‍ പാകിസ്ഥാന്‍ 274, 172, ബംഗ്ലാദേശ് 262, 185-4.
ജയത്തോടെ രണ്ട് മത്സര പരമ്പര തൂത്തുവാരിയ ബംഗ്ലാദേശ് പാകിസ്ഥാനില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേട്ടമെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ് അവസാന ദിവസം ഗ്രീസിലെത്തിയത് . തുടക്കത്തില്‍ തന്നെ സാക്കിര്‍ ഹസന്‍റെ(40) വിക്കറ്റ് ബംഗ്ലാദേശിന് നഷ്ടമായി. പിന്നാലെ ഷദ്മാന്‍ ഇസ്ലാമിനെയും(24) വീഴ്ത്തി ഖുറാം ഷെഹ്സാദ് പാകിസ്ഥാന് പ്രതീക്ഷ നല്‍കി. എന്നാല്‍ ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയും(38) മോനിമുള്‍ ഹഖും(34) ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ പാകിസ്ഥാന്‍റെ പിടി അയഞ്ഞു. ഇരുവരും പുറത്തായശേഷം മുഷ്ഫീഖുര്‍ റഹീമും(22), ഷാക്കിബ് അല്‍ഹസനും(21) ചേര്‍ന്ന് ബംഗ്ലാദേശിന്‍റെ വിജയം പൂര്‍ത്തിയാക്കി.