തിരുവനന്തപുരം: ജയിലിൽ ഷൂട്ടിങ് നടത്താനുള്ള ഫീസ് കുത്തനെ കൂട്ടി ആഭ്യന്തര വകുപ്പ്. സർക്കാരിൻ്റെ വരുമാനം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ജയിലിലെ സിനിമ ചിത്രീകരണത്തിന് ഉൾപ്പെടെ നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സെക്യൂരിറ്റി ഡെപ്പോസിറ്റും പ്രതിദിന ചിത്രീകരണ ഫീസും ഇരട്ടിയാക്കി വർധിപ്പിച്ച ഉത്തരവാണ് പുറത്തുവന്നത്.
പുതുക്കിയ ചിത്രീകരണ നിരക്കുകൾ;
സിനിമ ചിത്രീകരണത്തിന് 40,000 രൂപ ഈടാക്കിയിരുന്നത് പ്രതിദിനം 80,000 രൂപയാക്കി ഉയർത്തി. സീരിയൽ ആണെങ്കിൽ നിരക്ക് അല്പം കുറയും. 40,000 രൂപയാണ് സീരിയലിൻ്റെ വർധിപ്പിച്ച പ്രതിദിന നിരക്ക്. മുൻപ് ഇത് 20,000 രൂപ ആയിരുന്നു. ഡോക്യുമെൻ്ററി ഷൂട്ട് ചെയ്യാൻ ദിവസേന 10.000 നൽകിയിരുന്ന സ്ഥാനത്ത് ഇനി 20,000 രൂപ നൽകേണ്ടി വരും.
സെക്യൂരിറ്റി ഡെപ്പോസിറ്റായി സിനിമക്ക് 1 ലക്ഷം ഈടാക്കിയിരുന്നത് 2 ലക്ഷം രൂപയാക്കി ഉയർത്തി. സീരിയലിന് 50,000 രൂപ ഡെപ്പോസിറ്റ് നൽകിയിരുന്നത് ഇനിമുതൽ 1 ലക്ഷം രൂപയും ഡോക്യുമെൻ്ററിക്ക് 20,000 രൂപയിൽ നിന്ന് 40,000 രൂപയുമായി ഉയർത്തി. ചിത്രീകരണ സമയത്ത് നാശനഷ്ടങ്ങൾ ഉണ്ടായാൽ നഷ്ടത്തിൻ്റെ 150 ശതമാനം സർക്കാരിന് നഷ്ടപരിഹാരം വ്യവസ്ഥയുണ്ട്. ചിത്രികരണ സമയം ജയിലിൻ്റെ സാധാരണ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
അതേസമയം സെക്രട്ടറിയേറ്റ് വളപ്പിൽ വെച്ച് യുവനടൻ പീഡന ശ്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് സെക്രട്ടറിയേറ്റ് പരിസരത്തെ ഷൂട്ടിങ് പൂർണമായും നിരോധിച്ചിരുന്നു. അതീവ സുരക്ഷാ മേഖലയിൽ സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നത് പ്രകടമായ സുരക്ഷാ വീഴ്ച കൂടിയാണ് വെളിച്ചത്ത് കൊണ്ടുവന്നത്.