തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിനെതിരായി പുറത്തുവന്നത് ഗുരുതരമായ ആരോപണങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു നിമിഷം പോലും മുഖ്യമന്ത്രിയായി തുടരാൻ പിണറായി വിജയൻ യോഗ്യനല്ലെന്നും എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അന്വേഷണം സിബിഐക്ക് വിട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കൊള്ള, കൊല, അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തിന് തന്നെ അപമാനമായി നില്‍ക്കുകയാണ് കേരള സര്‍ക്കാര്‍.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ രണ്ട് കൊലപാതകങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്‌തെന്നാണ് അൻവറിൻറെ വെളിപ്പെടുത്തലെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഭരണകക്ഷി എംഎൽഎ പറഞ്ഞത് തെറ്റാണെങ്കിൽ അയാൾക്കെതിരെ നടപടി എടുക്കട്ടെ എന്നും സതീശൻ പറഞ്ഞു.
ക്രമസമാധാനത്തിന്റെ ചുമതലയുള്ള ആളാണ് ഇതെല്ലാം ചെയ്തിരിക്കുന്നത്. അതിന് പിന്തുണ നൽകിയിരിക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാണ്. മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും ഇന്ത്യയിൽ മറ്റൊരിടത്തും ഇതുവരെ കാണാത്ത തരത്തിലുള്ള അതീവ ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പുറത്തുവന്നത് എന്നും സതീശൻ വിമർശനം ഉന്നയിച്ചു.
ഭരണപക്ഷ എംഎൽഎയായ പി.വി. അൻവർ എഡിജിപി അജിത് കുമാറിന് എതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്ക് എതിരെയും ഉന്നയിച്ച ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ സംശയത്തിൻറെ നിഴലിലാക്കിയത്. സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം, കൊലപാതകം, അധികാര ദുർവിനിയോഗം, വ്യാജ തെളിവ് നിർമ്മാണം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി ഗുരുതര സ്വഭാവമുള്ള നിരവധി ആരോപണങ്ങളാണ് പി.വി. അൻവർ എംഎൽഎ അജിത് കുമാറിനെതിരെ ഉന്നയിച്ചത്. വിവിധ കോണുകളിൽ നിന്ന് കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.