സംസ്ഥാനത്ത് നടപ്പാക്കിയ പങ്കാളിത്ത പെൻഷനുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സതീഷ് ചന്ദ്രബാബു അധ്യക്ഷനായുള്ള പുനഃപരിശോധനാ സമിതി സമർപ്പിച്ച റിപ്പോർട്ട് പഠിക്കാനായി നിയമിച്ച സമിതി പ്രഹസനമായി. ഒരു വർഷം ആയിട്ടും ഒരു യോഗം പോലും ചേർന്നില്ല. സർക്കാർ ഉത്തരവുപ്രകാരം കഴിഞ്ഞ വർഷം നവംബർ രണ്ടിനാണ് മൂന്നംഗ സമിതി രൂപീകരിച്ചത്.
ധനമന്ത്രി, നിയമ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങൾ. ഒരു യോഗം പോലും ചേരാതെ ചീഫ് സെക്രട്ടറി ഇന്നലെ വിരമിച്ചു. 2016ലെ പ്രകടനപത്രികയിൽ പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്ന് എൽ.ഡി.എഫ് പ്രഖ്യാപിച്ചിരുന്നെങ്കിലും 2018 നവംബർ ഏഴിനാണ് സമിതിയെ നിയമിച്ചത്. ആറ് മാസക്കാലയളവിലായിരുന്നു നിയമനം.
എന്നാൽ, ഈ സമിതിയെ രണ്ടരവർഷം വലിച്ചു നീട്ടി. 2021 ഏപ്രിൽ 30ന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് 116 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിൽ സർക്കാർ നടപടി സ്വീകരിക്കുകയോ പുറത്തുവിടുകയോ ചെയ്യാതായതോടെ എസ്.എൻ.പി.എസ്.ഇ.സി.കെ, ജോയിന്റ് കൗൺസിൽ തുടങ്ങിയ സർവീസ് സംഘടനകൾ പ്രക്ഷോഭം ആരംഭിച്ചു.
വിവരാവകാശ നിയമപ്രകാരം പോലും റിപ്പോർട്ട് പുറത്തുവിടാത്ത സാഹചര്യത്തിൽ ജോയിന്റ് കൗൺസിൽ കോടതിയെ സമീപിച്ചു. റിപ്പോർട്ട് നൽകണമെന്ന സുപ്രിംകോടതി നിർദേശം നടപ്പാക്കാതിരിക്കാനാണ് കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് പുതിയ സമിതിയെ നിയമിച്ച് ഉത്തരവിറക്കിയത്. റിപ്പോർട്ട് പഠിക്കുകയാണെന്നും പുറത്തുവിടാനാവില്ലെന്നും സർക്കാർ സുപ്രിംകോടതിയെ അറിയിച്ചെങ്കിലും രൂക്ഷമായി വിമർശിച്ച കോടതി, റിപ്പോർട്ട് നൽകാത്തപക്ഷം ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു.
തുടർന്നാണ് കഴിഞ്ഞ നവംബറിൽ റിപ്പോർട്ട് പുറത്തുവിട്ടത്. പഠനം നീളുന്നത് കടക്കെണിയിലായ സർക്കാരിന് ഈ വിഭാഗം ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാതിരിക്കാനുള്ള അവസരം ഒരുക്കാനാണന്ന ആക്ഷേപമാണുയരുന്നത്. അതിനിടെ, കേന്ദ്രസർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിച്ച് യു.പി.എസ് പ്രഖ്യാപിച്ചു. നിലവിൽ കേന്ദ്രസർക്കാർ വിഹിതം 14 ശതമാനം ഉയർത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളും ഇതേ പാത പിന്തുടരുന്നുണ്ട്. യു.പി.എസ് പദ്ധതി നടപ്പാ ക്കുന്നതോടെ സർക്കാർവിഹിതം 18.5 ശതമാനമാക്കി ഉയർത്തുമെന്ന് കേന്ദ്രം പ്രഖ്യാപിക്കുകയും ചെയ്തു.
Chief sec, Law minister, Finance minister ethinte details undo