
സാലറി ചലഞ്ച്: ശമ്പളം പിടിക്കരുതെന്ന് IAS അസോസിയേഷൻ
സാലറി ചലഞ്ചിൽ ശമ്പളം പിടിക്കരുതെന്ന് ഐഎഎസ് അസോസിയേഷൻ. അസോസിയേഷൻ പ്രസിഡണ്ട് ബി. അശോക് ഇത് സംബന്ധിച്ച് ധന പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകി. വയനാട് പുനരധിവാസത്തിനായി ആഗസ്ത് മാസത്തെ ശമ്പളത്തിൽ നിന്ന് സാലറി പിടിക്കുമെന്നായിരുന്നു സർക്കാർ ഉത്തരവ്.
ആഗസ്ത് മാസത്തെ ശമ്പളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കരുതെന്നും അസോസിയേഷൻ അംഗങ്ങൾ യോഗം കൂടി തീരുമാനം അറിയിക്കാമെന്നുമാണ് ബി. അശോക് നൽകിയ കത്തിൽ പറയുന്നത്. സാലറി ചലഞ്ച് ഉത്തരവ് ഇറങ്ങുന്നതിന് മുൻപ് തന്നെ വയനാടിനു വേണ്ടി ഐഎഎസ് അസോസിയേഷനിലെ ചില അംഗങ്ങൾ സർക്കാരിലേക്കും മറ്റ് ഏജൻസികളിലേക്കും ഫണ്ട് നൽകിയിരുന്നു.
ശമ്പളം വെട്ടിക്കുറച്ച് സിഎംഡിആർഎഫിലേക്ക് സംഭാവന ചെയ്യുന്നതിനുപകരം, അസോസിയേഷൻ അംഗങ്ങൾ പണം സമാഹരിച്ച് വയനാടിന് ഉപയോഗിക്കുന്നതിന് സർക്കാരിനോ എൻഡിഎംഎ പോലുള്ള ഏജൻസിക്കോ ഒരു മൊത്തത്തിലുള്ള തുക കൈമാറാമെന്നും അംഗങ്ങൾക്കിടയിൽ അഭിപ്രായമുണ്ട്.
ഈ കാരണങ്ങൾ എല്ലാം വ്യക്തമാക്കിയാണ് ബി. അശോകിൻ്റെ കത്ത്. അഞ്ച് ദിവസത്തെ ശമ്പളമെന്ന കർശന രീതി ഒഴിവാക്കണമെന്ന് പ്രതിപക്ഷ സർവീസ് സംഘടനകളുടെ ആവശ്യം സർക്കാർ തള്ളിയിരുന്നു.
സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സർവീസ് സംഘടനകളുടെ മീറ്റിംഗ് മുഖ്യമന്ത്രി വിളിച്ചിരുന്നെങ്കിലും ഐ എ എസ് അസോസിയേഷനെ മുഖ്യമന്ത്രി ക്ഷണിച്ചിരുന്നില്ല. സമ്മതപത്രം ഇല്ലാതെ ശമ്പളം പിടിക്കുമെന്ന് ഐഎംജി ഇറക്കിയ ഉത്തരവും വിവാദത്തിന് കാരണമായി. വിവാദങ്ങളെ തുടർന്ന് സമ്മതപത്രം ഇല്ലാതെ ശമ്പളം പിടിക്കില്ല എന്ന് ധന പ്രിൻസിപ്പൽ സെക്രട്ടറി പത്ര കുറിപ്പ് ഇറക്കിയാണ് വ്യക്തത വരുത്തിയത്.