വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ഫണ്ട് അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഒഴിവു വന്ന വയനാട് ലോക്സഭ, പാലക്കാട, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകും. ഇതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച് ധനവകുപ്പ്. 60.54 കോടിയാണ് അനുവദിച്ചത്.
ഇലക്ഷൻ വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ചാണ് തുക അനുവദിച്ചത്. ഉപതെരഞ്ഞെടുപ്പ് ചെലവുകൾക്ക് പുറമെ ലോകസഭ തെരഞ്ഞെടുപ്പിൻ്റെ പെൻഡിംഗ് ബില്ലുകളും ഈ തുകയിൽ നിന്ന് ചെലവാക്കാനാണ് ധനവകുപ്പിൻ്റെ നിർദ്ദേശം.
ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് നിന്ന് വിജയിച്ച രാഹുല്‍ ഗാന്ധി ഒഴിഞ്ഞ വയനാട് മണ്ഡലത്തില്‍ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് മത്സരിക്കുക. ഷാഫി പറമ്പിൽ , കെ. രാധാകൃഷ്ണൻ എന്നിവർ എംപിമാരായതോടെയാണ് പാലക്കാടും ചേലക്കരയും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത മാസം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും എന്നാണ് ലഭിക്കുന്ന സൂചന.
ആനിരാജയെ മത്സരിപ്പിക്കില്ല
വയനാട് ലോക്‌സഭ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിക്കെതിരെ സിപിഐയുടെ സ്ഥാനാർത്ഥിയായി ദേശിയ നേതാവ് ആനി രാജയുണ്ടാകില്ല. രാഹുൽഗാന്ധിക്കെതിരെ മത്സരിച്ച ആനിരാജ 2019 ൽ ഇടതുമുന്നണിക്ക് ലഭിച്ചതിനെക്കാൾ 0.8% വോട്ട് കൂടുതൽ നേടിയിരുന്നു. എങ്കിലും ഇനി ആനിരാജക്ക് കേരളത്തിൽ അധികം അവസരങ്ങൾ കൊടുക്കാൻ കേരളത്തിലെ സിപിഐ നേതൃത്വം തയ്യാറാകില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഒരുഭാഗം പുറത്തുവന്നതിന് പിന്നാലെയുള്ള സർക്കാർ നടപടികളെ വിമർശിച്ച് ആനി രാജ രംഗത്തുവന്നിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് വ്യത്യസ്തമായ നിലപാടായിരുന്നു ആനിരാജക്ക്. ലൈംഗിക പീഡന ആരോപണം നേടിരുന്ന സിപിഎം എംഎൽഎ എം. മുകേഷ് ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നുള്ള നിലപാടും ഇവർ പരസ്യമാക്കിയിരുന്നു.
ആനിരാജയുടെ നിലപാടുകൾ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ രംഗത്തുവന്നിരുന്നു. കേരളത്തിലെ വിഷയങ്ങളിൽ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. സിപിഐയ്ക്ക് ഒറ്റ നിലപാട് മാത്രമാണുള്ളത്. സിപിഐയെയും സിപിഎമ്മിനെയും തമ്മിൽ തെറ്റിക്കാൻ നോക്കണ്ട. തർക്കം എന്ന വ്യാമോഹം ആർക്കും വേണ്ട. മാധ്യമങ്ങൾ എഴുതാപ്പുറം വായിക്കേണ്ട. ഇനിയൊരു പുതിയ നിലപാട് സിപിഐക്ക് വ്യക്തമാക്കേണ്ട കാര്യമില്ലെന്നുമാണ് ആനി രാജയെ ലക്ഷ്യം വെച്ച് പറഞ്ഞത്.