കേന്ദ്രത്തിന്റെ പുതിയ ഏകീകൃത പെൻഷൻ പദ്ധതിക്കെതിരെ വാളെടുത്ത് കേരളത്തിലെ ഇടത് സംഘടനകളുടെ ഫെഡറേഷൻ രംഗത്ത്. കേന്ദ്രം നൽകിയ ആനുകൂല്യങ്ങൾ പോലും തടഞ്ഞു വെച്ചതിനെതിരെ മിണ്ടാത്തത് എന്തെന്ന് ജീവനക്കാരുടെ മറുചോദ്യം
ദേശീയ പെൻഷൻ പദ്ധതി പരിഷ്‌കരിച്ചു കൊണ്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കേരളത്തിലെ ഇടത് സംഘടനകളുടെ കൂട്ടായ്മ രംഗത്ത്.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിന് പകരം പരിഷ്‌കരിച്ച പദ്ധതി നടപ്പിലാക്കുന്നു എന്നതാണ് വിമർശനത്തിന് ആധാരം. ദേശീയ തലത്തിൽ ജീവനക്കാരുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് കേന്ദ്ര സർക്കാർ മിനിമം പെൻഷൻ ഉറപ്പാക്കുന്ന തരത്തിൽ ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കിയത്.
10 വർഷം സർവീസ് ഉള്ളവർക്ക് 10000 രൂപ മിനിമം പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണിത്. 25 വർഷമോ അതിന് മുകളിലോ സർവീസ് ഉള്ളവർക്ക് അവസാന ശമ്പളത്തിന്റെ 50% തുക പെൻഷൻ ആയി ലഭിക്കും. വിരമിക്കുന്ന സമയത്ത് അവസാന 6 മാസത്തെ ശമ്പളം ഡിസിആർജിക്ക് പുറമേ ലഭിക്കും എന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്.
അതിനായി പദ്ധതിയിലേക്കുള്ള സർക്കാർ വിഹിതം നിലവിലുള്ള 14% ൽ നിന്നു 18.5% ആക്കി ഉയർത്തും. ജീവനക്കാരുടെ വിഹിതം 10% തന്നെ ആയിരിക്കും. എന്നാൽ എൻ ജി ഓ യൂണിയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിനു കീഴിലായി ജീവനക്കാർ ഒന്നടങ്കം പ്രതിഷേധം പ്രകടിപ്പിക്കുന്നതാണ് കാണുന്നത്.
കേരളത്തിൽ NPS വിഷയത്തിൽ സംഘടന സ്വീകരിച്ചു വരുന്ന നിലപാട് ചോദ്യം ചെയ്ത് കൊണ്ടാണ് ജീവനക്കാർ കമന്റ് രേഖപ്പെടുത്തുന്നത്. പദ്ധതി പിൻവലിക്കും എന്ന് പറഞ്ഞു അധികാരത്തിൽ വന്ന ഇടത് സർക്കാർ വാഗ്ദാനം മറന്നു മുന്നോട്ട് പോകുകയാണ്.
പുനഃപരിശോധന സമിതി റിപ്പോർട്ട് പോലും കോടതി ഇടപെടൽ മൂലം ആണ് പൊതുമണ്ഡലത്തിൽ വന്നത്. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട കേന്ദ്ര സർക്കാറിലെയും മറ്റെല്ലാ സംസ്ഥാനങ്ങളിലെയും ജീവനക്കാർക്ക് സർക്കാർ വിഹിതം 14% ആക്കി ഉയർത്തിയിട്ടും കേരളത്തിൽ അതുണ്ടായിട്ടില്ല.
കേരളത്തിൽ ഒഴികെ ജീവനക്കാർക്ക് ഡിസിആർജി യും ലഭിക്കുന്നുണ്ട്. കേരളത്തിലെ NPS ജീവനക്കാരുടെ വിഷയത്തിൽ ചെറുവിരൽ അനക്കാത്ത സംഘടനകളുടെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്യുകയാണ് ജീവനക്കാർ.
പദ്ധതി പിൻവലിക്കുന്നതിനു ആത്മാർഥമായ ശ്രമം നടത്താത്ത സംഘടന കേന്ദ്രം നിലവിൽ പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിക്കെതിരെ പ്രതിഷേധം നടത്തി കേരളത്തിൽ സർക്കാർ വിഹിതം 18.5% ആക്കി ഉയർത്തുന്നതിൽ നിന്നു സർക്കാരിനെ രക്ഷിക്കാൻ ഉള്ള നാടകം ആണ് ഇപ്പോൾ നടത്തുന്നത് എന്നാണ് പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാരുടെഅഭിപ്രായം.