നടി മിനു മുനീർ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സിനിമ നടനും പ്രൊഡ്യൂസറുമായ മണിയൻ പിള്ള രാജുവിന്റെ മറുപടി. ഇനിയും ആരോപണങ്ങള്‍ ധാരാളം വരും. പണം തട്ടാൻ വേണ്ടിയും സിനിമയില്‍ അവസരം കിട്ടാത്തത്തിൽ ദേഷ്യമുള്ളവരും ആരോപണവുമായി വരുമെന്നും മണിയൻ പിള്ള രാജു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആരോപണങ്ങളുടെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിൽ മിനുവിനൊപ്പം അഭിനയിച്ചിട്ടുണ്ട്. തനിക്ക് എതിരായ ആരോപണം തെറ്റാണ്. ഞാൻ തെറ്റുകാരൻ ആണെങ്കിൽ എന്നെയും ശിക്ഷിക്കണം. എല്ലാ ആരോപണങ്ങളും സർക്കാർ അന്വേഷിക്കട്ടെയെന്നും വഴിവിട്ട രീതിയിൽ AMMAയിൽ അംഗത്വം എടുക്കാൻ സാധിക്കില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.
നടനും എംഎൽഎയുമായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മിനു മുനീർ ഉന്നയിച്ചത്.
മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് മിനു മാധ്യമങ്ങൾക്ക് മുമ്പാകെ വെളിപ്പെടുത്തി. ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ചായിരുന്നു ജയസൂര്യയുടെ പരാക്രമങ്ങൾ. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു. അപ്രതീക്ഷിതമായി പിന്നിൽനിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചത് – മിനു മുനീർ പറയുന്നു.
കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചത്. താൻ എതിർത്തതിന്റെ പേരിൽ അമ്മയിലെ തന്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി. മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. തന്നെ ഉപദ്രവിച്ചവർക്കെതിരെ സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിൽ പരാതി നൽകുമെന്നും മിനു മുനീർ പറഞ്ഞു. മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീർ പറഞ്ഞു.