തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സിനിമാ കോൺക്ലേവിന്റെ ഭാഗമായി രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ ആരോപണ വിധേയനായ മുകേഷും അംഗം.
സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുണാണ് സമിതി ചെയർമാൻ. മഞ്ജു വാര്യർ, നടി പത്മപ്രിയ, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, ഛായാഗ്രാഹകൻ രാജീവ് രവി, നടി നിഖില വിമൽ, നിർമ്മാതാവ് സന്തോഷ് കുരുവിള, സി അജോയ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഒരുഭാഗം പുറത്തുവിട്ടതിന് പിന്നാലെയാണ് മുകേഷിനെതിരെയും മീ ടൂ ആരോപണങ്ങൾ ശക്തമാകുന്നത്. കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫാണ് ആദ്യം മുകേഷിനെതിരെ രംഗത്ത് വന്നത്. 19 വർഷം മുമ്പ് ടിവി ഷോ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ്, ആ പരിപാടിയുടെ ഭാഗമായെത്തിയ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ട്വിറ്ററിൽ കുറിച്ചത്. ഇതിന് പിന്നാലെ ഇന്ന് നടി മിനു മുനീറും മുകേഷിനെതിരെയുള്ള വെളിപ്പെടുത്തലുകൾ നടത്തി.
കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുണിനാണ് കോൺക്ലേവ് നടത്താനുള്ള ചുമതല നൽകിയിരിക്കുന്നത്. 3 മുതൽ 5 ദിവസം വരെ കോൺക്ലേവ് നീണ്ടുനിൽക്കും. വിവിധ സെക്ഷനുകൾ ഉണ്ടാകും. സിനിമാ മേഖലയിലെ വേട്ടക്കാരെയും ഇരകളെയും ഒരുമിച്ചിരുത്തിയുള്ള സർക്കാർ പരിപാടിയെന്ന ആക്ഷേപത്തിന് ശക്തി പകരുന്നതായിരിക്കും മുകേഷിന്റെ സാന്നിദ്ധ്യം.
2 കോടി രൂപയാണ് പ്രാഥമിക എസ്റ്റിമേറ്റ്. ചെലവ് ഉയരും എന്നാണ് സൂചന. 400 ഓളം ഡെലിഗേറ്റുകൾ പങ്കെടുക്കും. ഇൻ്റർനാഷണൽ ഡെലിഗേറ്റുകളെയും പങ്കെടുപ്പിക്കും. ഇവരുടെ വിമാനക്കൂലി, താമസം, മറ്റ് ചെലവുകൾ സർക്കാർ വഹിക്കും. സിനിമ രംഗത്തെ എല്ലാ മേഖലകളുടെയും പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുപ്പിക്കും. സിനിമ രംഗത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് നയം രൂപീകരിക്കുകയാണ് കോൺക്ലേവിൻ്റെ ലക്ഷ്യം.
നയരൂപീകരണ സമിതിയിൽ മുകേഷ് തുടരുന്നതോടെ സർക്കാരിന്റെ നയം വ്യക്തമാണെന്ന് വിമർശിച്ച് ഷാഫി പറമ്പിൽ എം.പി രംഗത്തെത്തി. ഇതിലും ഭേദം ഹേമ കമ്മിറ്റി റിപ്പോർട്ട് എവിടെയെങ്കിലുമിട്ട് സർക്കാർ കത്തിക്കുന്നതായിരുന്നു. വേട്ടക്കാർക്കൊപ്പമാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.