
നടനും താരസംഘടന അമ്മയുടെ ജോയിന്റ് സെക്രട്ടറിയുമായ ബാബുരാജ് പീഡിപ്പിച്ചതായി മുൻ ജൂനിയർ ആർട്ടിസ്റ്റിന്റെ ആരോപണം. ആലുവയിലെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. അമ്മ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് സിദ്ധിഖിന് പകരം ബാബുരാജിനെ പരിഗണിക്കുന്നതിടയിലാണ് പുതിയ ആരോപണം.
കൊച്ചി ഡെപ്യൂട്ടി കമ്മിഷണറോട് താൻ പരാതി പറഞ്ഞിരുന്നു. സിനിമയിൽ വരുന്ന പെൺകുട്ടികൾ സെക്സ് റാക്കറ്റിലേക്ക് പോകുന്ന സാഹചര്യമാണെന്നാണ് പറഞ്ഞത്. ഡപ്യൂട്ടി കമ്മിഷണർ പരാതി നൽകാൻ പറഞ്ഞു. നാട്ടിൽ ഇല്ലാത്തതിനാൽ പരാതി കൊടുത്തില്ല. പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയാൽ എല്ലാം തുറന്നു പറയുമെന്നും പേരു വെളിപ്പെടുത്താത്ത മുൻ ജൂനിയർ ആർട്ടിസ്റ്റ് മാധ്യമങ്ങളോട് പറഞ്ഞു.
നാടക പ്രവർത്തക കൂടിയായ നടി സിനിമയിൽ ജൂനിയർ ആർടിസ്റ്റായിരുന്നു. ഒരു സിനിമയിൽ അവസരമുണ്ടെന്നും അണിയറ പ്രവർത്തകരെല്ലാം തന്റെ വീട്ടിലുണ്ടെന്നും പറഞ്ഞ് ബാബുരാജാണ് തന്നെ വീട്ടിലേക്ക് വിളിച്ചതെന്ന് യുവതി പറഞ്ഞു. എന്നാൽ യുവതി വീട്ടിലെത്തിയപ്പോൾ ഇവിടെ ആരും ഉണ്ടായിരുന്നില്ല. ബാബുരാജ് പിന്നീട് ഇവിടെ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പറഞ്ഞത്.
പല രീതിയിൽ മോശം അനുഭവം ഉണ്ടായി. ബാബുരാജിനെ പരിചയമുണ്ടായിരുന്നു. അദ്ദേഹത്തെ വിശ്വസിച്ചു. സഹോദരനെപോലെയാണ് കണ്ടിരുന്നത്. ശാരീരികമായി ഉപദ്രവിച്ചു. വീട്ടിലേക്ക് തിരികെ പോകാൻ പണം ഉണ്ടായിരുന്നില്ല. യാത്രയ്ക്കുള്ള പണം തരാമെന്ന് പറഞ്ഞാണ് ബാബുരാജ് വിളിപ്പിച്ചത്. പിറ്റേന്നാണ് വീട്ടിൽനിന്ന് ഇറങ്ങാൻ കഴിഞ്ഞത്. പിന്നീട് ഫോണിൽ മോശമായ സന്ദേശം അയച്ചു. സിനിമയ്ക്കായി ഫോട്ടോ അയയ്ക്കുമ്പോൾ തന്നെ അഡ്ജസ്റ്റ്മെന്റിനു തയാറാണോ എന്നാണ് പലരും ചോദിക്കുന്നതെന്നും മുൻ ജൂനിയർ അർട്ടിസ്റ്റ് പറഞ്ഞു.