കൊല്ലം: സിനിമ താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. അമ്മ പ്രസിഡണ്ട് മോഹന്‍ലാലിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. സര്‍വാധികാരം പ്രസിഡന്റിനാണ്. ഉടയേണ്ട വിഗ്രഹങ്ങള്‍ ഉടയുക തന്നെ വേണമെന്നും ഷമ്മി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെയായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം.
സിദ്ദിഖിന്റെ രാജി സ്വാഗതം ചെയ്യുന്നുവെന്നും അനിവാര്യമായ ഒന്നായിരുന്നെന്നും നടന്‍ പറഞ്ഞു. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കണമെന്നായിരുന്നു രഞ്ജിത്തിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഷമ്മി തിലകന്‍ പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, പിതാവ് തിലകന്റെ ഒപ്പമുള്ള ഒരു ചിത്രം ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത്, ‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ”കള്ളന്‍” ചിരിക്കണ ചിരി കണ്ടാ’ എന്നുള്ള ഷമ്മിയുടെ സോഷ്യല്‍ മീഡിയ കുറിപ്പ് ശ്രദ്ധേയമായിരുന്നു.
അമ്മ സംഘടന തന്നെ പുറത്താക്കിയത് ചോദ്യംചെയ്യപ്പെടേണ്ടതാണ് എന്നും ഷമ്മി വിശദീകരിച്ചു. ”എനിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയില്ലെന്ന് ആരോപിച്ചാണ് എന്നെ നീക്കം ചെയ്തത്. എന്നിരുന്നാലും, ഞാന്‍ പ്രതികരിച്ചു, അവര്‍ക്ക് എനിക്കെതിരെ ഒരു നടപടിയും എടുക്കാന്‍ കഴിഞ്ഞില്ല. മറുപടി നല്‍കാന്‍ എന്നോട് നേരിട്ട് കൊച്ചിയില്‍ വരാന്‍ ആവശ്യപ്പെട്ടു, അത് ഞാന്‍ നിരസിക്കുകയും അവര്‍ എന്നെ അമ്മയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു” എന്ന് ഷമ്മി.
സിനിമ മേഖലയില്‍ യഥാര്‍ത്ഥത്തില്‍ ഒറ്റപ്പെടലിന്റെ ഇര താനാണ്. സിനിമയിലെ അടുത്ത സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് ക്ഷണിക്കാതിരിക്കാന്‍ താര സംഘടന ഇടപെട്ട സംഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാരോപണം നേരിടുന്ന സിദ്ദിഖിന് മുന്നില്‍ കാരണം കാണിക്കല്‍ നോട്ടീസിന്റെ പേരില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് പറഞ്ഞതിനാണ് സംഘടനയില്‍ നിന്ന് പുറത്താക്കിയത്. സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ അറിയില്ല. തിലകന്റെ ശാപമുണ്ട് എന്ന് സിദ്ദിഖ് അടക്കം പറഞ്ഞിട്ടുണ്ട്. കോംപറ്റീഷന്‍ കമ്മീഷനില്‍ പിഴ അടച്ചത് എഎംഎംഎയുടെ ലക്ഷക്കണക്കിന് രൂപയാണ്. ചിലര്‍ ചെയ്ത തെറ്റിന് ചാരിറ്റിക്ക് ഉപയോഗിക്കേണ്ട സംഘടനയുടെ പണം പിഴയടക്കാനായി ഉപയോഗിച്ചുവെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയാണ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചത്. ചൊവ്വാഴ്ച വിഷയത്തില്‍ എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗം ചേരും. ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും സംവിധായകന്‍ രഞ്ജിത് രാജിവെച്ചിരുന്നു. ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.