
തിരുവനന്തപുരം: സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത് അപമര്യാദയായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. സിനിമയിൽ അഭിനയിക്കാനെത്തിയ തന്നോട് സംവിധായകൻ കൈയിലും തലമുടിമുതൽ കഴുത്തുവരെ തലോടിയെന്നുമാണ് നടി പറയുന്നത്. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും എന്നാൽ അതിലേക്കുള്ള സൂചനയായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റവുമെന്നാണ് ശ്രീലേഖ പറയുന്നത്. പാലേരി മാണിക്യം സിനിമയിലേക്കായിരുന്നു ഇവരെ അഭിനയിക്കാൻ വിളിച്ചുവരുത്തിയത്. എന്നാൽ ഈ സംഭവത്തോടെ പിറ്റേന്ന് രാവിലെ തന്നെ ശ്രീലേഖ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ബംഗാളി നടിയുടെ വെളിപ്പെടുത്തലോടെ രഞ്ജിത്തിന്റെ രാജി ആവശ്യം ശക്തമാകുകയാണ്. എന്നാൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഇദ്ദേഹത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും രേഖാമൂലം പരാതി തന്നാൽ മാത്രമേ കേസെടുക്കാൻ പറ്റു എന്നും, ഒരു റിപ്പോർട്ടിന്റെയോ ആരോപണത്തിന്റെയോ പേരിൽ കേസെടുക്കാനാകില്ലെന്നും സജി ചെറിയാൻ പറഞ്ഞു. രഞ്ജിത്തിനെ ചുമതലകളിൽ നിന്ന് മാറ്റുന്നതിൽ തീരുമാനമെടുക്കേണ്ടത് സിപിഎം ആണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അൽപമെങ്കിലും ധാർമികത ബാക്കിയുണ്ടെങ്കിൽ അക്കാദമി ചെയർമാനെ ഉടൻ പുറത്താക്കണമെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെപ്പറ്റി പരസ്യമായ ലൈംഗിക ആരോപണം ഉയർന്നു വന്നത് നിസാരമായി കണക്കാക്കാൻ സാധിക്കില്ലെന്നും സംവിധായകൻ ഡോ. ബിജു സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. സാംസ്‌കാരിക മന്ത്രിക്ക് രഞ്ജിത്ത് ഇതിഹാസമൊക്കെയായി തോന്നാം അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്, പക്ഷേ, സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് അനുഭവസ്ഥ തന്നെ വെളിപ്പെടുത്തിയ ഘട്ടത്തിൽ ഒരു നിമിഷം പോലും അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്ത് അർഹനല്ലെന്നും അദ്ദേഹം കുറിച്ചു.