CMDRF: സമ്മതപത്രം നൽകാത്തവരിൽ നിന്ന് ശമ്പളം പിടിക്കില്ല

Kerala government secretariat

സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ അഞ്ച് ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. സമ്മതപത്രം നൽകാത്തവർക്ക് പി.എഫ് ലോൺ അപേക്ഷ നൽകുന്നതിന് സ്പാർക്കിൽ നിലവിൽ തടസങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.

സമ്മതപത്രം നല്‍കാത്തവര്‍ സമ്മതം അറിയിച്ചതായി കണക്കാക്കുമെന്ന അറിയിപ്പുമായി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറക്ടര്‍ കെ. ജയകുമാര്‍ ഇറക്കിയ കുറിപ്പ് വിവാദമായതും സാലറി ചലഞ്ചിന് സമ്മത പത്രം നല്‍കാത്തവർക്ക് പിഎഫ് ലോണിന് അപേക്ഷിക്കാൻ സാധിക്കില്ലെന്ന അറിയിപ്പും വിവാദമായതോടെയാണ് വിശദീകരണവുമായി ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ വിശദീകരണം.

സമ്മതപത്രം നല്‍കിയില്ല

അതേസമയം, സാലറി ചലഞ്ച് ബഹിഷ്‌കരിക്കുകയാണ് പ്രതിപക്ഷസംഘടനകള്‍. സമ്മതപത്രം പകുതിയോളം ജീവനക്കാരും ഇതുവരെ നല്‍കിയിട്ടില്ല. ശനിയാഴ്ചയോടെ സമ്മതപത്രം നല്‍കണമെന്നാണ് അറിയിച്ചിട്ടുള്ളത്.

സമ്മതപത്രം നല്‍കിയാലേ ഈ മാസംമുതല്‍ ശമ്പളം പിടിക്കാനുള്ള ക്രമീകരണം നടത്താനാവൂ. സാലറി ചലഞ്ചില്‍ പങ്കെടുക്കേണ്ടെന്നാണ് യു.ഡി.എഫ്., ബി.ജെ.പി. അനുകൂല സംഘടനകളുടെ തീരുമാനം. ഇഷ്ടമുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നേരിട്ട് നല്‍കാനാണ് ആഹ്വാനം.

സാലറി ചാലഞ്ചിനോടു സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നു പ്രതീക്ഷിച്ച സഹകരണമില്ലാതെ വന്നതോടെ ജീവനക്കാരില്‍ നിന്നു സമ്മതപത്രം ശേഖരിക്കുകയെന്ന ദൗത്യം ഏറ്റെടുത്ത് ഭരണപക്ഷ അനുകൂല സര്‍വീസ് സംഘടനകള്‍ ഇന്നലെ മുതല്‍ രംഗത്തിറങ്ങി. സെക്രട്ടേറിയറ്റില്‍ സാലറി ചാലഞ്ചിനെ അനുകൂലിച്ച് ഇന്നലെ സിപിഎം അനുകൂല സര്‍വീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നോട്ടിസിനൊപ്പം സമ്മതപത്രം വിതരണം ചെയ്തു.

എന്നാല്‍, 5 ദിവസത്തെ ശമ്പളം തന്നെ സംഭാവനയായി നല്‍കണമെന്ന വാശി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ഓരോരുത്തരുടെയും ശേഷിക്കനുസരിച്ച് സംഭാവന ചെയ്യാന്‍ ക്രമീകരണം ഒരുക്കണമെന്നും പ്രതിപക്ഷ സംഘടനകളായ എന്‍ജിഒ അസോസിയേഷനും കേരള സെക്രട്ടേറിയറ്റ് അസോസിയേഷനും ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെയും ആവശ്യം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments