സാലറി ചലഞ്ച്: സമ്മതിച്ചാലും ഇല്ലെങ്കിലും ശമ്പളം പിടിക്കുമെന്ന് ജയകുമാർ ഐഎഎസ്

IMG Jayakumar IAS

തിരുവനന്തപുരം: സമ്മതപത്രം നല്‍കാത്തവര്‍ സമ്മതം അറിയിച്ചതായി കണക്കാക്കുമെന്ന അറിയിപ്പുമായി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറക്ടര്‍ കെ. ജയകുമാര്‍. ഐഎംജിയിലെ ജീവനക്കാര്‍ക്ക് നല്‍കിയ കുറിപ്പിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് സമ്മതപത്രം നല്‍കണമെന്നും ഇല്ലെങ്കില്‍ സമ്മതം നല്‍കിയതായി അനുമാനിക്കുമെന്നുമാണ് കുറിപ്പിലെ വാചകം. ഫലത്തില്‍ സമ്മതപത്രം നല്‍കിയാലും ഇല്ലെങ്കിലും സാലറി ചലഞ്ചിലേക്ക് പണം പിടിക്കും.

സമ്മതപത്രം നല്‍കിയില്ല

അതേസമയം, സാലറി ചലഞ്ച് ബഹിഷ്‌കരിക്കുകയാണ് പ്രതിപക്ഷസംഘടനകള്‍. സമ്മതപത്രം പകുതിയോളം ജീവനക്കാരും ഇതുവരെ നല്‍കിയിട്ടില്ല. ശനിയാഴ്ചയോടെ സമ്മതപത്രം നല്‍കണമെന്നാണ് അറിയിച്ചിട്ടുള്ളത്.

സമ്മതപത്രം നല്‍കിയാലേ ഈ മാസംമുതല്‍ ശമ്പളം പിടിക്കാനുള്ള ക്രമീകരണം നടത്താനാവൂ. സാലറി ചലഞ്ചില്‍ പങ്കെടുക്കേണ്ടെന്നാണ് യു.ഡി.എഫ്., ബി.ജെ.പി. അനുകൂല സംഘടനകളുടെ തീരുമാനം. ഇഷ്ടമുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നേരിട്ട് നല്‍കാനാണ് ആഹ്വാനം.

സാലറി ചാലഞ്ചിനോടു സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നു പ്രതീക്ഷിച്ച സഹകരണമില്ലാതെ വന്നതോടെ ജീവനക്കാരില്‍ നിന്നു സമ്മതപത്രം ശേഖരിക്കുകയെന്ന ദൗത്യം ഏറ്റെടുത്ത് ഭരണപക്ഷ അനുകൂല സര്‍വീസ് സംഘടനകള്‍ ഇന്നലെ മുതല്‍ രംഗത്തിറങ്ങി. സെക്രട്ടേറിയറ്റില്‍ സാലറി ചാലഞ്ചിനെ അനുകൂലിച്ച് ഇന്നലെ സിപിഎം അനുകൂല സര്‍വീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നോട്ടിസിനൊപ്പം സമ്മതപത്രം വിതരണം ചെയ്തു.

എന്നാല്‍, 5 ദിവസത്തെ ശമ്പളം തന്നെ സംഭാവനയായി നല്‍കണമെന്ന വാശി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ഓരോരുത്തരുടെയും ശേഷിക്കനുസരിച്ച് സംഭാവന ചെയ്യാന്‍ ക്രമീകരണം ഒരുക്കണമെന്നും പ്രതിപക്ഷ സംഘടനകളായ എന്‍ജിഒ അസോസിയേഷനും കേരള സെക്രട്ടേറിയറ്റ് അസോസിയേഷനും ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെയും ആവശ്യം.

5 ദിവസത്തെ ശമ്പളം വേണമെന്ന ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ സാലറി ചാലഞ്ച് ബഹിഷ്‌കരിക്കാനാണ് ഈ സംഘടനകളുടെ തീരുമാനം. എല്ലാ ജീവനക്കാരും കഴിയുന്ന സംഭാവന ദുരിതാശ്വാസനിധിയിലേക്കു നേരിട്ടു നല്‍കണമെന്നു സെക്രട്ടേറിയറ്റ് അസോസി യേഷന്‍ പ്രസിഡന്റ് എം.എസ്. ഇര്‍ഷാദും ജനറല്‍ സെക്രട്ടറി കെ.പി.പുരുഷോത്തമനും ആവശ്യപ്പെട്ടു. ശമ്പളം നിര്‍ബന്ധപൂര്‍വം പിടിക്കുന്നതില്‍ സഹകരിക്കില്ലെന്നും സംഘടനാംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി തുക നല്‍കുമെന്നും കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ പറഞ്ഞു.

4 1 vote
Article Rating
Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Mohammad Siddiqu
Mohammad Siddiqu
26 days ago

ജയകുമാർ സാർ സിനിമയ്ക്ക് പാട്ട് എഴുതുമ്പോൾ “മൗനം സമ്മതം” എന്ന് എഴുതുന്നത് മനോഹരമാണ്. പക്ഷേ ഔദ്യോഗിക രംഗത്ത് മൗനം സമ്മതമാണെന്ന് തീരുമാനിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം!

Pravin
Pravin
26 days ago

രാജാവിനേക്കാൾ രാജഭക്തി വേണ്ട സർ പാവങ്ങൾ ജീവിക്കട്ടെ