മലയാള സിനിമയില്‍ പവര്‍ഗ്രൂപ്പില്ലെന്ന ‘അമ്മ’യുടെ പരസ്യ നിലപാട് തള്ളി നടി ശ്വേതാ മേനോന്‍. അനധികൃത വിലക്ക് താനും നേരിട്ടെന്നും കരാര്‍ ഒപ്പിട്ടശേഷം ഒന്‍പത് സിനിമകള്‍ ഇല്ലാതെയായത് അതിന്‍റെ ഭാഗമായിട്ടാണെന്നും അവര്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് കുറച്ചുവൈകിയാണെങ്കിലും പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും, സ്ത്രീകള്‍ അവർ സ്വന്തം നിലയില്‍ പോരാടി തന്നെ നിലനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. സ്ത്രീകള്‍ തന്നെയാണ് സ്ത്രീകളുടെ ശത്രുവാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും വാർത്താ ചാനലായ മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ ശ്വേത മേനോൻ പറഞ്ഞു.
സിനിമാ മേഖലയിലെ പല കാര്യങ്ങളിലും താൻ നിരന്തരം ഇടപെടുകളും പരസ്യമായി പ്രതികരിക്കുകയും ചെയ്യാറുണ്ട്. അതിന്റെ പേരില്‍ നഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. പവര്‍ഗ്രൂപ്പില്‍ സ്ത്രീകളും കാണുമെന്നും ഇവര്‍ മറ്റുചിലരുടെ അവസരം നഷ്ടപ്പെടുത്തുന്നുണ്ടെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. തനിക്ക് സിനിമയില്‍ നിന്നും മോശം അനുഭവം ഇല്ലെന്നും എന്നാല്‍ എല്ലാ സ്ത്രീകള്‍ക്കും അങ്ങനെയല്ലെന്നും അവര്‍ വെളിപ്പെടുത്തി.
സിനിമയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും താരങ്ങള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുന്നതും 15 അംഗ പവർ ഗ്രൂപ്പാണെന്ന പരാമർശം ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്ന് ഇത് നിഷേധിച്ച് മലയാള സിനിമ താരങ്ങളുടെ സംഘടന രംഗത്തുവന്നെങ്കിലും പവർ ഗ്രൂപ്പിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ഷമ്മി തിലകൻ ഉള്‍പ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. നടൻ തിലകനെ സിനിമയില്‍ നിന്നും ടിവി സീരിയല്‍ രംഗത്തുനിന്നും അകറ്റാൻ ഈ പവർ ഗ്രൂപ്പിന് ആയെന്ന പ്രചാരണവും ശക്തമാണ്. ഇതിനിടെയാണ് ശ്വാതമേനോന്റെയും പ്രതികരണം.