സാലറി ചലഞ്ച്: അഞ്ച് ദിവസത്തെ ശമ്പളം നൽകിയില്ലെങ്കിൽ പി.എഫ് ലോൺ നിഷേധിക്കുന്നു

Kerala Secretariat

തിരുവനന്തപുരം: സാലറി ചലഞ്ചിന് അഞ്ച് ദിവസത്തെ ശമ്പളം നൽകാൻ സാധിക്കാത്ത ജീവനക്കാർക്കെതിരെ നടപടികളുമായി സർക്കാർ. സാലറി ചലഞ്ചിന് സമ്മതപത്രം നൽകാത്തവർക്ക് പ്രൊവിഡന്റ് ഫണ്ടിൽനിന്ന് വായ്പയെടുക്കാൻ സാധിക്കില്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ.

ജീവനക്കാരുടെ മുഴുവൻ വിവരങ്ങളും നിയന്ത്രിക്കുന്ന സ്പാർക്ക് സോഫ്‌റ്റ്വെയറിൽ ശനിയാഴ്ച മുതൽ ഇത് നടപ്പാക്കാനുള്ള തിരുത്തൽ വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ചിലൂടെ സംഭാവന ചെയ്യാത്ത ജീവനക്കാരുടെ അപേക്ഷ പ്രോസസ് ചെയ്യില്ലെന്നാണ് അറിയിപ്പ്.

പ്രതിപക്ഷ സർവീസ് സംഘടനകൾ സാലറി ചലഞ്ചിനോട് നിസ്സഹരിക്കാൻ തീരുമാനിച്ചതോടെയാണ് സർക്കാർ നടപടികൾ കടുപ്പിക്കുന്നത്. ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ, കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് തുടങ്ങിയ പ്രതിപക്ഷ സർവീസ് സംഘടനകൾ.

അഞ്ചുദിവസത്തെ ശമ്പളമാണ്് സാലറി ചലഞ്ചെന്ന പേരിൽ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിക്കുന്നത്. അതേസമയം, അഞ്ചുദിവസമെന്ന നിബന്ധന ഒഴിവാക്കണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. അഞ്ചുദിവസത്തിൽ കുറവ് ശമ്പളം സംഭാവന ചെയ്യാൻ അവസരമില്ലാത്തതിനാലാണ് പ്രതിപക്ഷം സാലറി ചലഞ്ച് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്.

No PF Loan if not opted for CMDRF
പിഎഫ് ലോണിന് അപേക്ഷിക്കുമ്പോള്‍ ജീവനക്കാർക്കുള്ള മുന്നറിയിപ്പ്

‘പീഡിപ്പിച്ചും പേടിപ്പിച്ചും സാലറി ചാലഞ്ചിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നു’

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയില്ലെന്ന പേരിൽ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് വായ്പാ അപേക്ഷ പരിഗണിക്കുകയില്ലെന്ന സർക്കാർ നടപടിയിൽ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ശക്തിയായി പ്രതിഷേധിച്ചു

ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും അടക്കമുള്ള അടിയന്തര ആവശ്യങ്ങൾക്കായി പ്രോവിഡന്റ് ഫണ്ടിൽ നിന്നും താൽക്കാലിക വായ്പയ്ക്കായും തിരിച്ചടക്കേണ്ടതില്ലാത്ത സ്ഥിരം മുൻകൂറിനായോ സ്പാർക്ക് മുഖേന ഓൺലൈനായി അപേക്ഷിച്ചവർക്ക്, ജീവനക്കാരൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാത്തതിനാൽ പരിഗണിക്കാൻ കഴിയില്ലെന്ന സന്ദേശമാണ് ലഭിച്ചത്. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രതിഷേധിച്ചു.

ജീവനക്കാരന് സ്വന്തം പിഎഫ് അക്കൗണ്ടിൽ കിടക്കുന്ന തുക പിൻവലിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരിക്കണമെന്ന് ഒരു നിയമവും വ്യവസ്ഥ ചെയ്യുന്നില്ല. പിഎഫ് വായ്പക്ക് ഇത്തരത്തിൽ നിയമവിധേയമല്ലാത്ത വ്യവസ്ഥകളും നിർദ്ദേശങ്ങളും കെട്ടിയിറക്കുന്നതിന് ഇടതുഭരണം മുതിർന്നാൽ അതിനെ നഖശിഖാന്തം എതിർത്ത് തോൽപിക്കുക തന്നെ ചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ ജീവനക്കാർ തയ്യാറായിരുന്നു.

എന്നാൽ അഞ്ചു ദിവസത്തെ ശമ്പളം തന്നെ നൽകണമെന്നും അതല്ലെങ്കിൽ ഒന്നും വേണ്ടെന്നുമുള്ള സർക്കാരിന്റെ കടുംപിടിത്തവും മർക്കടമുഷ്ടിയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും സംഭാവന നൽകുന്നതിന് സമ്മതപത്രം നൽകുന്നതിൽ നിന്നും
ജീവനക്കാരെ പിന്തിരിപ്പിച്ചത്. ഇതിൽ വിറളിപൂണ്ട സർക്കാർ ജീവനക്കാരെ പീഡിപ്പിച്ചും പേടിപ്പിച്ചും സാലറി ചാലഞ്ചിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുകയാണ്. അതിന്റെ പേരിൽ പി എഫ് വായ്പ പോലും നിഷേധിക്കുകയാണെന്നും കരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെപിയും അറിയിച്ചു.

സാലറി ചലഞ്ചിന്റെ പേരിൽ പി.എഫ് ലോൺ തടയരുതെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ്

വയനാട് ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ചു ദിവസത്തിൽ കുറയാത്ത ശമ്പളം നിർബന്ധിതമായി നൽകണമെന്ന സർക്കാർ അഭ്യർത്ഥന സ്വീകരിക്കാത്ത ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടിൽ നിന്നും ലോൺ എടുക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കാത്ത രീതി പ്രതിഷേധാർഹമെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ്. ജീവനക്കാരുടെ ശമ്പള സോഫ്റ്റ് വെയറിൽ മാറ്റം വരുത്തിയാണ് പി.എഫ്. ലോൺ തടയുന്നത്.

സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ സമ്പാദ്യം പോലും സുരക്ഷിതമല്ല എന്ന സന്ദേശമാണ് ഇത്തരം നിലപാടുകളിലൂടെ വെളിപ്പെടുന്നത്. നിയമ പ്രകാരം നില നിൽക്കാത്തതും ജനാധിപത്യ വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നിലപാടായി മാത്രമേ ഇത്തരം തീരുമാനങ്ങളെ പരിഗണിക്കാൻ സാധിക്കൂ. കുട്ടികളുടെ വിദ്യാഭ്യാസം ജീവനക്കാരുടെയും പ്രിയപ്പെട്ടവരുടെ ആശുപത്രിചെലവുകൾ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിലാണ് സാധാരണയായി ജീവനക്കാർ പ്രോവിഡന്റ് ഫണ്ടിൽ നിന്നും ലോൺ എടുക്കുന്നത്. ജീവനക്കാർക്ക് സ്വന്തം പി.എഫ് അക്കൗണ്ടിലുള്ള പണം സ്വീകരിക്കാൻ പോലും അനുമതി നിഷേധിക്കുന്ന സ്പാർക്ക് സോഫ്റ്റ്്‌വെയറിലെ മാറ്റം സർക്കാർ അടിയന്തിരമായി പിൻവലിക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് ആകാശ് രവിയും ജനറൽ സെക്രട്ടറി ടി.ഐ. അജയകുമാറും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Mohammed
Mohammed
26 days ago

ശമ്പളം പ്രോസസ് ചെയ്യുന്ന Spark Site ൽ Dafault ആയിട്ട് Willing to Contribute – NO ആയിട്ടാണ് വന്നിട്ടുള്ളത് എങ്കിലും അത് Yes ആണെങ്കിലും No ആണെങ്കിലും Update ചെയ്യണം. അല്ല എങ്കിൽ Salary , GPF TA or NRA തുടങ്ങി എന്ത് എടുക്കുമ്പോഴും താഴെ വരുന്ന മെസേജ് വരും. The employee has not opted for CMDRF contribution (Wayanad 2024). Cannot proceed. ഇതാണ് വാർത്താമാധ്യമങ്ങളിൽ വരുന്നത്. Spark Site ൽ No Update ചെയ്തിട്ട് നോക്കാത്തത് കൊണ്ടാണ്.