തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ വിവിധ പ്രകൃതി ദുരന്തങ്ങള്‍ കേരള ടൂറിസം വ്യവസായത്തെ പ്രതിസന്ധിയിലാക്കിയെന്നും ഇത് തരണം ചെയ്യാൻ വിദേശ ട്രാവല്‍ ആൻ്റ് ടൂറിസം മേളകളിൽ ഉദ്യോഗസ്ഥ സാന്നിദ്ധ്യം അനിവാര്യമെന്നും സർക്കാർ.
ഇതിനായി ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ വിവിധ രാജ്യങ്ങളിലേക്ക് ടൂറിന് അയക്കുകയാണ് സർക്കാർ. ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, അഡീഷണൽ ഡയറക്ടർ വിഷ്ണു രാജ് തുടങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥരാണ് വിവിധ രാജ്യങ്ങളിലെ അന്താരാഷ്ട്ര വ്യാപാര മേളകളിലും മീറ്റിംഗുകളിലും പങ്കെടുക്കാൻ യാത്രയാകുന്നത്.
തയ്ലാന്റ്, മലേഷ്യ, സിങ്കപ്പുർ, ആസ്ട്രേലിയ, യു.കെ, ജർമനി, തുടങ്ങിയ രാജ്യങ്ങളാണ് ഈ ഉദ്യോഗസ്ഥർ സന്ദർശിക്കുക. ടൂറിസം മന്ത്രിയുടെ യാത്രയെക്കുറിച്ച് ഇപ്പോൾ പുറത്തിറങ്ങിയ ഉത്തരവിൽ വ്യക്തമാക്കുന്നില്ലെങ്കിലും അദ്ദേഹവും വിദേശ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് അറിയുന്നത്.
ടൂറിസം സെക്രട്ടറി ബിജു കെ ഐഎഎസ് ഒക്ടോബർ 29നും 31നും ആസ്‌ട്രേലിയയിലെ സിഡ്‌നി, മെൽബൺ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തുക. ഇതിനായി അദ്ദേഹം ഒക്ടോബർ 27ന് പുറപ്പെട്ട് നവംബർ രണ്ടിന് തിരികെയെത്തും.
ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ തയ്‌ലാന്റ്, യു.കെ, ജർമനി എന്നീ രാജ്യങ്ങളിലെ അന്താരാഷ്ട്ര വാണിജ്യ മേളകളിലാണ് പങ്കെടുക്കുക. തയ്‌ലാന്റിൽ പിഎടിഎ ട്രാവൽ മാർട്ട് 25 മുതൽ 29 വരെയാണ്. നവംബർ അഞ്ച് മുതൽ ഏഴുവരെ ലണ്ടനിലെ വേൾഡ് ട്രാവൽ മാർക്കറ്റിലെ പരിപാടിയിലും, നവംബർ 12 മുതൽ 14 വരെ ജർമനിയിലെ ഫ്രങ്ക്ഫർട്ട്, മ്യൂണിച്ച് എന്നിവിടങ്ങളിലെ പരിപാടികളിലും ടൂറിസം ഡയറക്ടർ പങ്കെടുക്കും. അഡീഷണൽ ഡയറക്ടർ വിഷ്ണുരാജ് മലേഷ്യയിലെ ട്രേഡ് ഫെയറുകളിലാണ് പങ്കെടുക്കുക.
വിദേശ യാത്രക്കായി ഉദ്യോഗസ്ഥർക്ക് കേന്ദ്രാനുമതി ആവശ്യമാണ്. ഇതിനുവേണ്ടി വരുന്ന സാമ്പത്തിക ചെലവുകൾ ഈവർഷത്തെ ബജറ്റിൽ മാർക്കറ്റിംഗ് (പ്ലാൻ) 3452-80-104-98-00-34-03-പി.വി എന്ന ശീർഷകത്തിൽ നിന്ന് ഉപയോഗിക്കും.