മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന് കുടിശിക കിട്ടാൻ കെ.എൻ. ബാലഗോപാൽ കനിയണം. പെൻഷൻ പരിഷ്കരണ കുടിശികയുടെ നാലാം ഗഡു ഈ വർഷം നവംബറിൽ കിട്ടേണ്ടതാണ്.
എന്നാല്‍, നാലാം ഗഡു കൊടുക്കാൻ വേണ്ടത് 600 കോടി രൂപയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കെ എൻ ബാലഗോപാൽ നാലാം ഗഡു നീട്ടി വയ്ക്കുമെന്നാണ് ധനവകുപ്പിൽ നിന്നുള്ള സൂചന.
അധ്യാപികയായി വിരമിച്ച കമല വിജയന് 33,000 രൂപയാണ് പ്രതിമാസ പെൻഷൻ. വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ കമല സംഭാവന നൽകിയിരുന്നു.
പെൻഷൻ പരിഷ്കരണ കുടിശിക നാല് ഗഡുക്കൾ ആയി നൽകും എന്നായിരുന്നു തോമസ് ഐസക്ക് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയത്. 3 ഗഡുക്കൾ നൽകി. 1,800 കോടി രൂപയാണ് ആറരലക്ഷം പെൻഷൻകാർക്ക് 3 ഗഡുക്കൾ നൽകാൻ ചെലവായത്.
ശമ്പള പരിഷ്കരണ കുടിശികയും നാല് ഗഡുക്കൾ ആയാണ് നൽകുമെന്ന് ഐസക്ക് ഉത്തരവിൽ വ്യക്തമാക്കിയത്. എന്നാൽ ഒരു ഗഡു പോലും കെ. എൻ. ബാലഗോപാൽ നൽകിയില്ല. ക്ഷാമ ആശ്വാസം 7 ഗഡു കുടിശികയാണ്. 22 ശതമാനമാണ് കുടിശിക . സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 7 ഗഡുക്കൾ കുടിശികയാകുന്നത്. കേന്ദ്രം കനിഞ്ഞില്ലെങ്കിൽ പെൻഷൻ പരിഷ്കരണ കുടിശികയുടെ നാലാം ഗഡു നീട്ടി വയ്ക്കേണ്ടി വരും.