തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണക്കാല സദ്യ പരിപാടികള്‍ ആരംഭിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി മുതല്‍ താഴേക്കുള്ള ഓരോ മന്ത്രിമാരുടെയും നേതൃത്വത്തില്‍ പൗരപ്രമുഖര്‍ക്ക് ഓണസദ്യ നല്‍കാനുള്ള ആലോചന നടക്കുന്നുണ്ട്.
ഈമാസം കുമരകത്ത് വിളമ്പിയ ഓണസദ്യക്കുള്ള 5 ലക്ഷം രൂപ അനുവദിച്ച് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആഗസ്ത് 16 മുതല്‍ 18 വരെ ലോ ആന്റ് ടെക്‌നോളജി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത അതിഥികള്‍ക്കാണ് ഓണസദ്യ ഒരുക്കിയത്.
200 പ്രമുഖരും 150 അതിഥികളും ആണ് പങ്കെടുത്തത്. 200 പേര്‍ക്കാണ് ഓണസദ്യ ഒരുക്കിയത്. അന്ന് വൈകുന്നേരം 150 അതിഥികള്‍ക്ക് ഡിന്നറും ഒരുക്കിയിരുന്നു. ടൂറിസത്തിന്റെ മാര്‍ക്കറ്റിംഗ് ശീര്‍ഷകത്തില്‍ നിന്നാണ് തുക അനുവദിച്ചത്.
കൊച്ചി മെട്രോ റെയില്‍ എം.ഡി ലോകനാഥ് ബെഹ്‌റയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് റിയാസ് പണം അനുവദിച്ചത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണം വാരാഘോഷം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. വയനാടിന് വേണ്ടി ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ഓണം വാരാഘോഷം ഒഴിവാക്കിയത്.
എന്നാല്‍, പൗരപ്രമുഖര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ഓണ സദ്യ ഇത്തവണയും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ വര്‍ഷം 25 ലക്ഷം രൂപയ്ക്കാണ് മുഖ്യമന്ത്രി പൗരപ്രമുഖര്‍ക്ക് ഓണ സദ്യ ഒരുക്കിയത്. 65 ഓളം വിഭവങ്ങള്‍ ഉണ്ടായിരുന്നു. തലസ്ഥാനത്തെ ബാര്‍ മുതലാളിയുടെ ഹോട്ടലായിരുന്നു മുഖ്യമന്ത്രിക്കായി ഓണസദ്യഒരുക്കിയത്.