
അഞ്ച് ദിവസത്തില്‍ കുറയാത്ത ശമ്പളം നല്‍കണം: സെക്രട്ടറിയേറ്റ് ജീവനക്കാരോട് സിപിഎം സംഘടന
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി, അഞ്ചുദിവസത്തില്‍ കുറയാത്ത വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ സെക്രട്ടേറിയറ്റ് ജീവനക്കാരോട് അഭ്യര്‍ത്ഥിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍. ജനറല്‍ സെക്രട്ടറി കെ.എന്‍. അശോക് കുമാര്‍ പുറത്തിറക്കിയ അഭ്യര്‍ത്ഥനയിലാണ് ആവശ്യം.
ദുരന്തബാധിതര്‍ക്കായി സുരക്ഷിതമായ ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കാനാണ് കേരളത്തിലെ ജനപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന അഭ്യര്‍ത്ഥനയില്‍ പറയുന്നു. ഇതിനായി വലിയ തോതിലുള്ള വിഭവ സമാഹരണം വേണ്ടതുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ ദുരന്ത സാഹചര്യങ്ങളില്‍ എല്ലാം നാടിനൊപ്പം നിലകൊണ്ട പാരമ്പര്യമാണ് നമ്മള്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കുള്ളതെന്ന് ഓര്‍മ്മിപ്പിച്ചാണ് അഭ്യര്‍ത്ഥന.
പ്രളയകാലത്തും മഹാമാരിയുടെ വ്യാപന സമയത്തും നമ്മുടെ അധ്വാനത്തില്‍ നിന്നുള്ള വിഹിതം സര്‍ക്കാരിന് നാം നല്‍കിയിട്ടുണ്ട്. കേരളം കണ്ട ഈ മഹാദുരന്തത്തെ നേരിടാനും ദുരിതബാധിതരെ പുനരധിവസിപ്പിക്കാനും നമുക്ക് ഒരിക്കല്‍ കൂടി കൈകോര്‍ക്കാമെന്നും സക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ആഹ്വാനം ചെയ്തു
