ഹേമ കമ്മിറ്റി റിപ്പോർട്ട്: ഇനിയെന്ത്? നേർവഴിയേത്?

സുരേഷ് വണ്ടന്നൂർ

സ്ത്രീയെ സെക്കൻ്റുകൾ തുറിച്ചു നോക്കിയാൽ കേസ് എടുക്കാവുന്ന നിയമം നിലവിലുള്ള നാടാണ് സാക്ഷര കേരളം എന്ന് പുകഴ്പെറ്റ നമ്മുടെ സംസ്ഥാനം.

മിന്നുന്നതെല്ലാം പൊന്നല്ല (All that glitters are not gold) എന്നൊരു ചൊല്ലുണ്ട്. അക്ഷരാർത്ഥത്തിൽ ചൊല്ല് ശരിവെയ്ക്കുന്നതാണ് ഇന്ന് നാം മലയാള സിനിമയിൽ കാണുന്ന അനഭിലഷണീയ സാഹചര്യങ്ങൾ. ഇതിന് പരിഹാരം ഉണ്ടായേ മതിയാകൂ.

ഒട്ടേറെപ്പേർ ഉപജീവന മാർഗ്ഗമായി കരുതുന്ന സിനിമാ വ്യവസായത്തിൽ നമ്മുടെ സഹോദരിമാർക്കും അന്തസ്സോടെ തൊഴിലെടുക്കാൻ സാധിക്കണം. ആ ഒരു ‘കൾച്ചർ’ സിനിമാ മേഖലയിൽ ഉരിത്തിരിയേണ്ടതുണ്ട്. സിനിമയിലെ പ്രമുഖരിൽ നിന്ന് സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമം തടയാൻ നിയമനിർമ്മാണങ്ങളിലൂടെ നമുക്ക് കഴിയേണ്ടതുണ്ട്. ലൈംഗികാതിക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

അന്വേഷണത്തിനിടെ കമ്മിറ്റി ശേഖരിച്ച എല്ലാ രേഖകളും തെളിവുകളും അത് സത്യമാണെന്ന് അടിവരയിടുന്നുമുണ്ട്.
ഹേമകമ്മിറ്റി റിപ്പോർട്ടിന്റെ നല്ലൊരു ഭാഗം പുറത്തുവിട്ട സാഹചര്യത്തിൽ ഒരു വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് മൊഴി നൽകിയവർക്ക് ധൈര്യവും സംരക്ഷണവും ഉറപ്പ് നൽകി മൊഴിയിൽ ഉറച്ച് നിൽക്കാനുള്ള സാഹചര്യമൊരുക്കേണ്ടത് അധികാര സ്ഥാനത്ത് ഉള്ളവരുടെ കടമയാണ്.

കാർണാടകയിൽ പ്രജ്വൽ രേവണ്ണ കേസിൽ അവിടത്തെ സർക്കാർ ഈ നിലപാടാണ് സ്വീകരിച്ചത്. ഇരുനൂറോളം സ്ത്രീകളെ പീഡിപ്പിച്ചു വെന്നാണ് പരാതി ഉയർന്നത്. മാത്രവുമല്ല ശിവരാജൻ കമ്മീഷന്റെ റിപ്പോർട്ട് വന്നപ്പോൾ പ്രത്യേക സംഘത്തെ നിയമിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പിന്നീട് കേസ് സി.ബി.ഐക്ക് വിടുകയും ചെയ്ത അനുഭവം നമുക്ക് മുന്നിലുണ്ട്.

ഇവിടെ ഭാരതീയ ന്യായ സൻഹിതയുടെ വകുപ്പ് 74 പ്രകാരം സ്ത്രീത്വത്തെ അപമാനിക്കൽ, 75 പ്രകാരം ലൈംഗിക അതിക്രമം (sexual harassment ), 77 പ്രകാരം വോയറിസം എന്നിവയ്ക്ക് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാവുന്നതാണ്.

ശിവരാജൻ കമ്മീഷനും, ഹേമ കമ്മിറ്റിയും എന്ന വ്യത്യാസമേ ഇവിടെയുള്ളൂ. സർക്കാരിന് ഈ റിപ്പോർട്ട് തള്ളുകയോ കൊള്ളുകയോ ചെയ്യാം. എന്നാൽ പീഡനത്തിന് വിധേയായ ഇരയുടെ പേര് വെളിപ്പെടുത്താതെ വേട്ടക്കാരന്റെ പേര് വെളിപ്പെടുത്താനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് എങ്ങനെ ഒഴിഞ്ഞുനിൽക്കാനാകും.

തൊഴിലിടങ്ങളിലെ അതിക്രമത്തിന് കമ്മിറ്റി രൂപീകരിച്ച് പരാതികൾ സ്വീകരിച്ച് നടപടിയെടുക്കണമെന്ന് വൈശാഖ vs സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ കേസിൽ 2007 ൽ സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. അത് ഇവിടെയും ബാധകമാക്കണം. കമ്മിറ്റി റിപ്പോർട്ടിൻ്റെ മാത്രം അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെങ്കിലും, ഈ റിപ്പോർട്ട് അംഗീകരിക്കുകയോ നിരസിക്കുകയോ എന്താണ് ചെയ്യേണ്ടതെന്ന് അടിയന്തിരമായി തീരുമാനിക്കണം. റിപ്പോർട്ട് അംഗീകരിക്കുന്ന സാഹചര്യത്തിൽ, ഒരു ഇൻവെസ്റ്റിഗേഷൻ ഏജൻസി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ക്രിമിനൽ പ്രവൃത്തികൾ അന്വേഷിക്കുകയും ചെയ്യണമെന്നതാണ് ഏറ്റവും അഭികാമ്യമായുള്ളത്.

കമ്മിറ്റിക്ക് മുൻപിൽ നടത്തിയത് രഹസ്യ വെളിപ്പെടുത്തലുകൾ ആയതിനാലും പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പ്രശ്നങ്ങളായതിനാലും റിപ്പോർട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ സർക്കാരിന് കത്തു നൽകിയിരുന്നു വെന്ന് മുഖ്യമന്ത്രിയും അങ്ങനെയൊരു കത്ത് നൽകിയിട്ടില്ലെന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ്റെയും വാദമുഖങ്ങൾ വന്നു കഴിഞ്ഞു. പക്ഷേ, സാങ്കേതികത്വങ്ങൾ പറഞ്ഞ് തലയൂരാനും തമ്മിലടിക്കാനുമല്ല നോക്കേണ്ടത്,പകരം പരിഹാരമെന്തെന്ന് കണ്ടെത്തുകയാണ് വേണ്ടത്. 2017-ൽ ഹേമ കമ്മിറ്റി രൂപീകരിച്ച് രണ്ടു വർഷമെടുത്ത്

ഒരു കോടിയോളം രൂപ ചെലവാക്കിയ ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ സിനിമാമേഖലയിൽ സ്ത്രീ സമൂഹത്തിൻ്റെ നാളിതുവരെയുള്ള പീഡനപർവ്വത്തെയാണ് തുറന്നു കാട്ടുന്നത്. 2019-ൽ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. എ.അബ്ദുൽ ഹക്കീം എന്ന വിവരാവകാശ കമ്മീഷണർ റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിടും വരെ നാലര വർഷം ആ റിപ്പോർട്ട് ഇരുട്ടിൽ നമസ്ക്കരിക്കപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ രഹസ്യാത്മകത സൂക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചാണ് സാംസ്കാരിക വകുപ്പ് റിപ്പോർട്ട് കൈമാറിയത്.

കമ്മിറ്റിക്ക് മൊഴി നൽകിയ ഏതെങ്കിലും വനിത പരാതിയുമായി മുന്നോട്ടു വന്നാൽ ഇടപെടലുണ്ടാകും. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനെയും നിയമത്തിന് മുന്നിലെത്തിക്കും എന്നാണ് അധികൃതർ പറയുന്നത്. ഇത്രയും മാത്രം മതിയാകുമോ നമുക്ക് ഈ മേഖലയിലെ സഹോദരിമാർ കാലങ്ങളായി നേരിടുന്ന ശാരീരിക, മാനസിക പീഡനങ്ങൾക്ക് ഒരു പരിധിവരെയെങ്കിലും വിരാമമുണ്ടാക്കാൻ? കമ്മിറ്റി പറയുന്ന 15 അംഗ പവർഗ്രൂപ്പിനെ തളക്കേണ്ടത് നിയമത്തിൻ്റെയും സർക്കാരിൻ്റെയും ഉത്തരവാദിത്തമല്ലേ? നാളുകളായി കേൾക്കുന്ന സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിന് തടയിടാൻ നമ്മുടെ സംവിധാനങ്ങൾക്ക് സാധിക്കില്ലെന്നുണ്ടോ?
ഇരകൾക്ക് പരാതിയില്ലെങ്കിൽ പീഡകർക്ക് സ്വൈരവിഹാരം എന്ന് പറയാതെ പറയുന്ന സമീപനങ്ങൾ ആരെയാണ് സംരക്ഷിക്കാൻ വെമ്പൽ കൊള്ളുന്നത്?

പുതുതായി സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചു വരുന്ന യുവതികൾക്കും അവരുടെ അമ്മമാർക്കും എങ്ങനെ കൂടുതൽ അവസരങ്ങൾ നേടി പ്രമുഖ നടിയാകാം എന്ന് പറയാതെ പറയുന്ന നല്ലൊരു സ്റ്റഡി ക്ലാസ്സാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന് ആരോ ഒരാൾ പറയുകയുണ്ടായി. അയാളുടെ വാക്കുകളാണ് ശരിയെന്ന് നമ്മൾ സമ്മതിച്ചു നൽകണോ? അതോ അതാണ് ശരിയെന്ന് സമ്മതിക്കുന്നതാണോ ഈ തണുപ്പൻ പ്രതികരണങ്ങൾക്ക് പിന്നിലുള്ളതെന്ന് പൊതുജനം കരുതണോ?

ആൺപീഡകരുടെ ഇരയായിത്തീരാൻ ഇനിയും നമ്മുടെ സഹോദരിമാരെ വിട്ടു നൽകിക്കൂടാ. അതൊരു ഭരണകൂടത്തിന്റെ ഉറച്ച തീരുമാനവും അത്തരക്കാരെ സംരക്ഷിക്കുന്നവരല്ല നാം എന്ന് തെളിയിക്കേണ്ടത് ഇനിയുള്ള നടപടികളാണ്. കേരളം അതുറ്റു നോക്കുന്നുണ്ട്. ഇനിയും സിനിമയിൽ അതിജീവിതകളെ സൃഷ്ടിക്കുകയല്ല, അവരുടെ ജീവിതം സുരക്ഷിതമാക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്.

സിനിമ എന്ന വ്യവസായത്തിലെ പുഴുക്കുത്തുകളെ ഉന്മൂലനം ചെയ്യേണ്ടത് നമ്മുടെ നിയമവ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് തെളിയിക്കേണ്ട പൊലീസ് സംവിധാനം കൂടിയാണ്. നിയമം തോറ്റു പോകരുത്. ഇരകൾക്ക് നീതിയും നഷ്ടമാകരുത്

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments