തമിഴ് സൂപ്പർതാരം വിജയ് തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ചിഹ്നവും പുറത്തിറക്കി. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് വിജയ് പതാക ഉയർത്തുകയും പാർട്ടിയുടെ ഔദ്യോഗിക ഗാനം പ്രകാശനം ചെയ്യുകയും ചെയ്തു. മെറൂൺ, മഞ്ഞ നിറങ്ങളാണ് പതാകക്ക്. മധ്യഭാഗത്തായി രണ്ട് ആനകളും പുഷ്പവുമാണ് ചേർത്തിരിക്കുന്നത്.
ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ താൻ ഇല്ലാതാക്കുമെന്ന് വിജയ് പറഞ്ഞു. പ്രതിനിധികൾ ചടങ്ങിൽ പാർട്ടി പ്രതിജ്ഞ ചൊല്ലി.
”നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവൻ ബലിയർപ്പിച്ച പോരാളികളെയും തമിഴ് മണ്ണിലെ നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങൾ എപ്പോഴും അഭിനന്ദിക്കും.
ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ ഞാൻ ഇല്ലാതാക്കും. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും എല്ലാവർക്കും തുല്യ അവസരങ്ങൾക്കും തുല്യ അവകാശങ്ങൾക്കും വേണ്ടി പരിശ്രമിക്കും. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന തത്വം ഞാൻ ഉയർത്തിപ്പിടിക്കുമെന്ന് ആത്ഥാർഥമായി പ്രതിജ്ഞ ചെയ്യുന്നു.” ഇതായിരുന്നു പാർട്ടി പ്രതിജ്ഞ.
‘നിങ്ങൾ എല്ലാവരും ഞങ്ങളുടെ ആദ്യ സംസ്ഥാന സമ്മേളനത്തിനായി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം, അതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്, ഉടൻ തന്നെ ഞാൻ അത് പ്രഖ്യാപിക്കും. അതിന് മുമ്പ്, ഞാൻ ഇന്ന് ഞങ്ങളുടെ പാർട്ടിയുടെ പതാക അനാച്ഛാദനം ചെയ്തു. എനിക്ക് അഭിമാനം തോന്നുന്നു… തമിഴ്നാടിന്റെ വികസനത്തിനായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. ഇനി മുതൽ തമിഴ്നാട് മികച്ചതായിരിക്കും. വിജയം ഉറപ്പാണ്. – വിജയ് പറഞ്ഞു,
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിജയുടെ രാഷ്ട്രീയ യാത്രയിലെ ആദ്യ ചുവടുവയ്പായാണ് പതാക അനാച്ഛാദനം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്. സിനിമ ജീവിതം അവസാനിപ്പിക്കുകയാണെന്നും 2026ൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു.