സിനിമാ ഷൂട്ടിങ് സ്ഥലത്തുവെച്ച് മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി ഉഷ. പ്രതികരിച്ചതിന്റെ പേരില്‍ തനിക്കും സഹപ്രവര്‍ത്തകര്‍ക്കും നിരവധി അവസരം നഷ്ടമായിട്ടുണ്ട്. സിനിമിയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പറയുന്നത് വസ്തുതയാണ്.
തെറ്റുകാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. ഇനിയുള്ള തലമുറയ്ക്കെങ്കിലും നല്ല രീതിയിൽ സുരക്ഷിതരായി ജോലി ചെയ്യാൻ സാധിക്കണം. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറാവണമെന്നും ഉഷ പറഞ്ഞു
പെണ്‍കുട്ടികളെ അഭിനയിക്കാനെന്ന് പറഞ്ഞ് ഹോട്ടലിൽ കൊണ്ടുവന്ന് താമസിപ്പിച്ച് ആവശ്യം നടന്നില്ലെങ്കിൽ പിറ്റേ ദിവസം പറഞ്ഞുവിടുമെന്ന് സുഹൃത്ത് പറഞ്ഞതായി അവർ പറഞ്ഞു.
‘എനിക്ക് വളരെ മോശമായ അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്ന് പറയാൻ കഴിയില്ല, അപ്പോ തന്നെ പ്രതികരിച്ചു. സിനിമയില്‍ തിരക്കുള്ള സമയത്ത് ഒരു സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായി. റൂമില്‍ വരാന്‍ ആവശ്യപ്പെട്ടു. താന്‍ അച്ഛനെയും കൊണ്ടാണ് പോയത്. ആ സംവിധായകന്‍ മരിച്ചുപോയെന്നും ഉഷ പറഞ്ഞു.
പിന്നെ സെറ്റില്‍ വരുമ്പോള്‍ വളരെ മോശമായി പെരുമാറും. നന്നായി അഭിനയിച്ചാലും അത് നന്നായില്ലെന്ന് പറയും. വല്ലാതെ ഇന്‍സെല്‍റ്റ് ചെയ്യും. അങ്ങനെ വന്നപ്പോള്‍ ഞാന്‍ പ്രതികരിച്ചു. ചെരുപ്പ് ഊരി അടിച്ചു ഉഷ പറഞ്ഞു.
അതിന് ശേഷം എല്ലാവർക്കും എന്നോട് അങ്ങനെ സംസാരിക്കാൻ ഭയമുണ്ട്. എപ്പോഴും എന്റെ കൂടെ അച്ഛൻ വരാറുണ്ടായിരുന്നു. പ്രതികരിച്ചതിന്റെ പേരിൽ എനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. ലൈംഗിക ചൂഷണം എന്നതിലുപരി അഭിപ്രായം രേഖപ്പെടുത്തിയ സന്ദർഭങ്ങളിലും എനിക്ക് ശത്രുക്കളും അപ്രഖ്യാപിത വിലക്കുകളും ഉണ്ടായിട്ടുണ്ട്.
പണ്ടൊക്കെ ജീവിക്കാൻ വേണ്ടിയാണ് പലരും സിനിമയിലേക്ക് വരുന്നത്. അങ്ങനെ വരുന്നവർ എവിടെ പരാതി പറയാനാണ്. ഇന്നല്ലേ സോഷ്യൽ മീഡിയ ഒക്കെ വന്നത്. ഇപ്പോൾ സിനിമയിലേക്ക് കടന്ന് വരുന്ന പെൺകുട്ടികൾ വിദ്യാഭ്യാസമുള്ളവരും സമ്പന്നരുമാണ്. അവരോടൊക്കെ മോശമായി ഇടപെട്ടപ്പോൾ അവർ പ്രതികരിച്ചു. അങ്ങനെയാണ് ഈ ചൂഷണങ്ങളൊക്കെ പുറംലോകം അറിഞ്ഞു തുടങ്ങിയത്. ‘ – നടി ഉഷ.
പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറാവണം. പരാതി കൊടുക്കാതിരുന്നാല്‍ ഇനിയുള്ള കാലവും ഇത് തുടരും. ശാരദാ മാഡം പറഞ്ഞത് താന്‍ അഭിനയിക്കുന്ന കാലം മുതല്‍ ഇതുണ്ടെന്നാണ്. അത് ഇപ്പോഴും തുടരുന്നു. ഇനിയും പരാതി നല്‍കിയില്ലെങ്കില്‍ അത് ഇനിയും ഉണ്ടാകുമെന്ന് ഉഷ മാധ്യമങ്ങളോട് പറഞ്ഞു.