2025ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുള്ള മുന്നൊരുക്കങ്ങളുമായി യു.ഡി.എഫ്, നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രാസ്റൂട്ട് ലെവല്‍ മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യു.ഡി.എഫിന്റെ പദ്ധതി. തിങ്കളാഴ്ച കൊച്ചിയിലെ കളമശ്ശേരിയില്‍ നടന്ന യുഡിഎഫ് നേതാക്കളുടെ യോഗത്തിലാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയത്.
ഒരു വോട്ടര്‍ ഡാറ്റ ആപ്പ് (വി-ഡാറ്റ ആപ്പ്) വികസിപ്പിക്കലും യു.ഡി.എഫിന് വേണ്ടി സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നും ഈ സംരംഭത്തില്‍ ഉള്‍പ്പെടും. കൂടാതെ, മുന്നണിയുടെ പ്രകടനപത്രിക എല്ലാ രാഷ്ട്രീയ ബന്ധങ്ങളിലുമുള്ള ആളുകളില്‍ നിന്നുള്ള ഫീഡ്ബാക്കും നിര്‍ദ്ദേശങ്ങളും അടിസ്ഥാനമാക്കിയായിരിക്കും.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, എന്‍ കെ പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, എന്‍ കെ പ്രേമചന്ദ്രന്‍, സി പി ജോണ്‍ തുടങ്ങിയ യുഡിഎഫ് നേതാക്കളും യുഡിഎഫ് 14 ജില്ലാ ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
ബൂത്ത് തലത്തില്‍ കൂടുതല്‍ യുഡിഎഫ് പ്രവര്‍ത്തകരെ രംഗത്തിറക്കി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കും. ഇതിനുള്ള ഫണ്ട് സ്വരൂപിക്കാന്‍ ഉന്നതെ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിലൂടെ രാഷ്ട്രീയ മുന്നണിക്ക് ലഭിച്ച ഊര്‍ജം നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളുടെ തന്ത്രങ്ങളും പ്രവര്‍ത്തന പദ്ധതികളും യോഗത്തില്‍ അവതരിപ്പിച്ചു.
വിശദമായ പദ്ധതി തയ്യാറാക്കാന്‍ യുഡിഎഫ് നേതൃത്വം പുതുതായി മുന്നണിയിലെത്തിയ കേരള പ്രവാസി അസോസിയേഷന്‍ പാര്‍ട്ടി ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളാപ്പാലത്തിനെ ചുമതലപ്പെടുത്തി.
തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്-ലീഗ് തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം ചര്‍ച്ചയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, നിലവില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും മുന്നണിയിലെ ഘടകകക്ഷികള്‍ ഒറ്റക്കെട്ടാണെന്നും നേതാക്കള്‍ പറഞ്ഞു. അനാസ്ഥയുടെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ബന്ധപ്പെട്ട ജില്ലകളില്‍ പരിഹരിക്കുമെന്നും അവര്‍ പറഞ്ഞു.
വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുമ്പുള്ള പ്രധാന മത്സരമാണ്. 2019ല്‍ 19 ലോക്‌സഭാ സീറ്റുകള്‍ നേടിയെങ്കിലും 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന് തിരിച്ചടി നേരിട്ടു. എന്നിരുന്നാലും, സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാഹചര്യം ഏറെ മാറിയതിനാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയിക്കാനാകുമെന്ന വിശ്വാസത്തിലാണ് നേതാക്കള്‍.