‘ഒരു പ്രധാന നടൻ മോശമായി പെരുമാറി’; വെളിപ്പെടുത്തലുമായി തിലകന്റെ മകൾ സോണിയ

Sonia Thilakan Against AMMA

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ താരംസംഘടനയായ ‘അമ്മ’യ്‌ക്കെതിരേ നടന്‍ തിലകന്റെ മകള്‍ സോണിയ തിലകന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തിലകന്‍ അനുഭവിച്ച പ്രശ്‌നങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. തുടര്‍ന്നാണ് സോണിയ പ്രതികരണവുമായി രംഗത്തു വന്നത്.

മുറിയിലേക്കു വരണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രമുഖ നടന്‍ വിളിച്ചു, സന്ദേശങ്ങള്‍ അയച്ചു. നടന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ല. അച്ഛനെ പുറത്താക്കിയതില്‍ മോളോടു മാപ്പ് പറയണം എന്നു പറഞ്ഞാണ് വിളിച്ചതെന്നും സോണിയ പറഞ്ഞു.

സിനിമയിലെ പതിനഞ്ചംഗ സംഘം പ്രത്യേക അജണ്ടവച്ച്, മാഫിയയെപ്പോലെ തിലകനോട് പെരുമാറുകയായിരുന്നുവെന്ന് സോണിയ പറഞ്ഞു. തിലകന്‍ മരിച്ചതിന് ശേഷം അദ്ദേഹത്തോടു ചെയ്ത കാര്യങ്ങളില്‍ കുറ്റബോധമുണ്ടെന്ന് പറഞ്ഞ് ഒരു പ്രധാന നടന്‍ തന്നെ വിളിച്ചുവെന്നും പിന്നീട് മോശമായി പെരുമാറിയെന്നും സോണിയ ആരോപിച്ചു. താരസംഘടന പിരിച്ചുവിടണമെന്നും തെറ്റുക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നടന് മോശം ഉദ്ദേശ്യമായിരുന്നുവെന്ന് പിന്നീട് വന്ന സന്ദേശങ്ങളില്‍നിന്നാണ് ബോധ്യപ്പെട്ടത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഇരകള്‍ക്ക് നീതി ലഭിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. റിപ്പോര്‍ട്ടിലെ ബാക്കി പേജുകള്‍ കൂടി പുറത്തുവിടണം. കോണ്‍ക്ലേവ് നടത്തി ഒത്തുതീര്‍പ്പാക്കാനാണ് നീക്കമെങ്കില്‍ നടക്കില്ല. പൊലീസില്‍ പരാതി നല്‍കിയതുകൊണ്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല.

സംഘടനയിലെ പുഴുക്കുത്തുകളെക്കുറിച്ചു പുറത്തുപറഞ്ഞതിനാണ് അച്ഛൻ‍ ക്രൂശിക്കപ്പെട്ടത്. സംഘടനയില്‍ മാഫിയയും ഗുണ്ടായിസവും ഉണ്ടെന്നും അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞതിനാണ് നടപടി എടുത്തത്. അതിലും വലിയ വിഷയങ്ങള്‍ ചെയ്ത ആളുകളെ നിലനിർത്തിയെന്നും സോണിയ ആരോപിച്ചു.

സോണിയയുടെ വാക്കുകള്‍:

അച്ഛന്‍ പറഞ്ഞ അറിവാണുള്ളത്. 2010-ലാണ് അച്ഛന്‍ ആദ്യമായി സിനിമയിലെ വിഷയങ്ങള്‍ പുറത്തുപറയുന്നത്. അച്ഛനുമായുള്ള പ്രശ്‌നം നടക്കുന്ന സമയത്ത് സംഘടനയുടെ മീറ്റിങ് നടക്കുമ്പോള്‍ ഏതാണ്ട് 62 ഗുണ്ടകളെ പുറത്ത് സജ്ജമാക്കി നിര്‍ത്തിയിരിക്കുകയായിരുന്നു. ഇതൊരു മാഫിയയാണെന്ന് അച്ഛന്‍ പറഞ്ഞു. അന്ന് പലരും ഇത് മുഖവിലയ്‌ക്കെടുത്തില്ല. ഈ സംഘടനയുടെ ബൈലോ പ്രകാരം ഇക്കാര്യങ്ങള്‍ പുറത്തുപറയാന്‍ പാടില്ലെന്നാണ്. പക്ഷേ, അച്ഛന്‍ അത് തുറന്ന് പറഞ്ഞു.

“എനിക്ക് സിനിമാക്കാരെ ഭയം ഉണ്ടാകേണ്ട കാര്യമില്ല. കുട്ടിക്കാലം മുതല്‍ അവരെ കാണുന്നവതാണ്‌ ഞാന്‍. വീട്ടിലെ അംഗങ്ങളെപ്പോലെയാണ് പെരുമാറിയിരുന്നത്. വ്യക്തിപരമായ കാര്യങ്ങളെല്ലാം അച്ഛനുമായി അവര്‍ സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഈ പ്രശ്‌നം വന്നപ്പോള്‍, എല്ലാവരും ഒറ്റക്കെട്ടായി. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ച് തീര്‍ക്കേണ്ട കാര്യമാണ് ഈ നിലയില്‍ എത്തിച്ചത്. പുറത്താക്കാനും പീഡകര്‍ക്ക് കൂട്ടുനില്‍ക്കാനുമാണോ ഈ സംഘടന? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സംഘടന പിരിച്ചുവിടുകയാണ് വേണ്ടത്. സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഒരാള്‍ നല്ല ഷര്‍ട്ട് ഇട്ടു വന്നാല്‍ പോലും ഈഗോ കാരണം പുറത്താക്കുന്നതടക്കമുള്ള സംഭവം ഉണ്ടായിട്ടുണ്ടെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്.

“അച്ഛന്‍ മരിച്ചതിന് ശേഷം ഒരു പ്രധാനനടന്‍ എന്നെ വിളിച്ചു. അച്ഛനോട് ചെയ്ത കാര്യങ്ങളില്‍ കുറ്റബോധമുണ്ട് എന്നൊക്കെ പറഞ്ഞിട്ട്. മോളേ എന്നൊക്കെ വിളിച്ച് ബഹുമാനത്തോടെയാണ് സംസാരിച്ചത്. പക്ഷേ പിന്നീട് എനിക്ക് വന്ന സന്ദേശങ്ങളില്‍നിന്ന് ഉദ്ദേശ്യം വേറെയാണെന്നു മനസ്സിലായി. സിനിമയുമായി ബന്ധമില്ലാത്ത എനിക്ക് വരെ ഈ അനുഭവമുണ്ടായി. ഞാന്‍ അവരുടെ സുഹൃത്തിന്റെ മകളാണ്.

“അച്ഛന്‍ മരിച്ചതിന് ശേഷം സിനിമയില്‍ സൗഹൃദങ്ങളൊന്നുമില്ല. വല്ലപ്പോഴും കണ്ടാല്‍ സംസാരിക്കും. അച്ഛനോട് ചെയ്ത കാര്യങ്ങള്‍ മനസ്സില്‍നിന്ന് അങ്ങനെ പോകില്ലല്ലോ. അച്ഛനെ സിനിമയില്‍നിന്ന് വിലക്കിയ ശേഷം സീരിയലിലും വിലക്കി. സിനിമയിലെ ഒരു നടനായിരുന്നു സീരിയലിന്റെ സംഘടനയുടെ തലപ്പത്ത്. ഇവര്‍ ഒരു പതിനഞ്ച് പേരുണ്ട്. ഒരു ഹിഡന്‍ അജണ്ട വച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. പോക്‌സോ കേസ് പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ശനമായി നിയമനടപടിയെടുക്കേണ്ട വിഷയമാണ്.”

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sivadas Madhavan
Sivadas Madhavan
22 days ago

ഏകദേശം ഇരുപത് വർഷം മുന്നേ സിനിമ മേഖലയിൽ സംഭവിക്കുന്ന വ്രുത്തികെട്ട കാര്യങ്ങളെപ്പറ്റി തിലകൻ ചേട്ടന്റെ ഒരു ബന്ധു പറഞ്ഞ കാര്യം ഹേമക്കമ്മറ്റി പറഞ്ഞതുമായി വളരെ സാമ്യമുള്ളതുപോലെ തോന്നി.