പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൗര്‍ബല്യം വെളിപ്പെടുത്തി തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയി കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യമേഖലയില്‍നിന്ന് 45 ഉദ്യോഗസ്ഥരെ ലാറ്ററല്‍ എന്‍ട്രി വഴി നിയമിക്കാന്‍ പ്രസിദ്ധീകരിച്ച പരസ്യം പിന്‍വലിക്കാന്‍ യു.പി.എസ്.സിയോട് കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് യു.പി.എസ്.സി. അധ്യക്ഷന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കി. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടിയെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. നയപരമായ നീക്കത്തില്‍ മോദി സര്‍ക്കാരിന്റെ ആദ്യത്തെ വലിയ പിന്‍വാങ്ങല്‍ കൂടിയാണിത്.
ലാറ്ററല്‍ എന്‍ട്രിവഴി സംവരണം അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആദ്യം വിമര്‍ശനം ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയായിരുന്നു. യുപിഎസ്സി പരസ്യവുമായി രംഗത്തെത്തിയതിന് തൊട്ടുപിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയെ തുരങ്കം വയ്ക്കുകയാണെന്നും സംവരണം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെ സുപ്രധാന തസ്തികകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി റിക്രൂട്ട്മെന്റ് നടത്തി എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം പരസ്യമായി തട്ടിയെടുക്കുകയാണെന്നായിരുന്നു രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടിയത്. ഉന്നത ബ്യൂറോക്രാറ്റിക് സ്ഥാനങ്ങളില്‍ എസ്സി/എസ്ടി, പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിലവില്‍ തന്നെ പ്രാതിനിധ്യം കുറവാണ് അതിന് പുറമേ ലാറ്ററല്‍ എന്‍ട്രി നീക്കം അവരെ കൂടുതല്‍ ഒഴിവാക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സാമൂഹ്യനീതിക്ക് നേരെയുള്ള ആക്രമണമാണിതെന്നും രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധമുള്ളവരെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
മിഡ് ലെവല്‍ തസ്തികകളിലേക്കുള്ള ഏറ്റവും വലിയ ലാറ്ററല്‍ എന്‍ട്രിയില്‍, വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കു കീഴിലുള്ള ഡയറക്ടര്‍, ജോയിന്റ് സെക്രട്ടറിമാര്‍, ഡെപ്യൂട്ടി സെക്രട്ടറിമാര്‍ തുടങ്ങിയ 45 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഗസ്റ്റ് 17-ന് ഒരു പരസ്യം നല്‍കിയത്. എന്നാലിത് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന ആരോപണവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തുകയായിരുന്നു. ഭരണകക്ഷിയിലുള്ള പാര്‍ട്ടികള്‍ തന്നെ ഇതേറ്റ് പിടിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.
സംവരണ വിഷയത്തില്‍ ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്), ജനതാദള്‍ (യുണൈറ്റഡ്) തുടങ്ങിയ സഖ്യകക്ഷികളും അവരുടെ ആശങ്കകള്‍ പരസ്യമാക്കിയത് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചാരണത്തിന് കൂടുതല്‍ കരുത്തായി മാറി.
സാമൂഹ്യനീതി പ്രശ്നവും ഭരണഘടന ഭേദഗതി ചെയ്യാനുള്ള ബിജെപിയുടെ ഉദ്ദേശവും ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാന പ്രചാരണ വിഷയമായിരുന്നു. ഭരണഘടനയില്‍ മാറ്റം വരുത്താനും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമുള്ള സംവരണം ഇല്ലാതാക്കാനും ബിജെപിക്ക് 400-ലധികം സീറ്റുകള്‍ വേണമെന്നായിരുന്നു പൊതുതിരഞ്ഞെടുപ്പ് വേളയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ഉന്നയിച്ചകാര്യം. ഈ പ്രചാരണം ഫലം കണ്ടുവെന്നതാണ് ബിജെപിക്ക് ലക്ഷ്യം കണ്ട സീറ്റ് നേടാനാകാത്തതിലൂടെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഹരിയാന, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തിന്റെ പ്രചാരണം ശക്തമായാല്‍ തിരിച്ചടിയാകുമെന്ന് കണ്ടാണ് സര്‍ക്കാര്‍ പിന്നാക്കം പോയിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയുടെ അധികാരം ദുര്‍ബലമാകുന്നതിന്റെ സൂചനയായാണ് ലാറ്ററല്‍ എന്‍ട്രി സംരംഭം പുനഃപരിശോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷം വിശേഷിപ്പിച്ചത്. ”2024 ഞങ്ങള്‍ക്ക് രണ്ട് ഫലങ്ങള്‍ നല്‍കി: ദുര്‍ബലനായ പ്രധാനമന്ത്രിയും ശക്തനായ പ്രതിപക്ഷ നേതാവും. അവസാനം, ഇത് നമ്മുടെ ഭരണഘടനയുടെ വിജയമാണ്,” ലോക്‌സഭയിലെ കോണ്‍ഗ്രസ് വിപ്പ് മാണിക്കം ടാഗോര്‍ എക്സില്‍ എഴുതി.