ആമയിഴഞ്ചാന്‍ തോട്ടില്‍ മരണപ്പെട്ട ജോയിയുടെ അമ്മയ്ക്ക് വീടുവെച്ച് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. വീട് നിർമ്മാണത്തിന് ഉതകുന്ന ഭൂമി കണ്ടെത്താൻ തിരുവനന്തപുരം ജില്ല പഞ്ചായത്തിനും വീട് നിർമ്മിക്കാൻ തിരുവനന്തപുരം നഗര സഭയ്ക്കും അനുമതി നല്‍കി തദ്ദേശ സ്വയംഭരണവകുപ്പ്.
നഗരസഭയ്ക്ക് പുറത്താണ് ജോയിയുടെ കുടുംബം താമസിക്കുന്നത്. അതുകൊണ്ട് നഗരസഭ കൗണ്‍സില്‍ ചേര്‍ന്ന് ഔദ്യോഗികമായി അറിയിച്ച താല്‍പര്യത്തിനാണ് വകുപ്പിന്റെ അനുമതി.
മാലിന്യവാഹിനിയായ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് കരാര്‍ തൊഴിലാളിയായ ജോയി ഒഴുക്കില്‍ പെട്ട് മരണപ്പെട്ടത്. മേയര്‍ ആര്യ രാജേന്ദ്രന്‍ ആഗസ്ത് 22 നാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. ഇതുപ്രകാരമാണ് നടപടി.
വീട് നിര്‍മ്മാണത്തിനാവശ്യമായ ഭൂമി തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങി നല്‍കുന്നതിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് അനുമതി നല്‍കി ഈ മാസം 17 ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വാങ്ങി നല്‍കുന്ന ഭൂമി വില പരമാവധി 2.5 ലക്ഷം രൂപയ്ക്കുള്ളില്‍ ആയിരിക്കണം. ഭൂമിയുടെ അളവ് 5 സെന്റ് വരെ ആകാവുന്നതും 3 സെന്റില്‍ കുറയുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതും ആണെന്ന് സര്‍ക്കാര്‍ പുറത്തിക്കിയ ഉത്തരവില്‍ പറയുന്നു.