ചന്ദ്രയാന്‍ 4, 5 എന്നീ ചാന്ദ്ര ദൗത്യങ്ങളുടെ അടുത്ത ഘട്ടത്തിന്റെ രൂപരേഖ പൂര്‍ത്തിയാക്കിയതായും അതിനായി സര്‍ക്കാര്‍ അനുമതി തേടുന്ന പ്രക്രിയയിലാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്.
ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗിന് ശേഷം ചന്ദ്രനിലെ പാറകളും മണ്ണും ഭൂമിയിലേക്ക് കൊണ്ടുവരിക, ചന്ദ്രനില്‍ നിന്ന് ഒരു ബഹിരാകാശ പേടകം വിക്ഷേപിക്കുക, ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഒരു ബഹിരാകാശ ഡോക്കിംഗ് പരീക്ഷണം നടത്തുക, സാമ്പിളുകള്‍ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരിക എന്നിവയാണ് ചന്ദ്രയാന്‍-4 ദൗത്യത്തില്‍ ഉള്‍പ്പെടുന്നത്.
‘ചന്ദ്രനിലേക്ക് പോകാന്‍ ഞങ്ങള്‍ക്ക് നിരവധി ദൗത്യങ്ങളുണ്ട്. ചന്ദ്രയാന്‍ -3 അവസാനിച്ചു. ഇപ്പോള്‍, ചന്ദ്രയാന്‍ 4, 5 എന്നിവയുടെ രൂപകല്‍പ്പന പൂര്‍ത്തിയായി, ഞങ്ങള്‍ സര്‍ക്കാരിന്റെ അനുമതി തേടുകയാണ്,’ സോമനാഥ് പറഞ്ഞു. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷനും ഇന്ത്യന്‍ സ്പേസ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്റെ വെളിപ്പെടുത്തല്‍. ചന്ദ്രയാന്‍-4 ദൗത്യത്തിന്റെ വിക്ഷേപണം 2028ല്‍ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു.
സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹങ്ങളുടെ ഒരു കൂട്ടം ഉള്‍പ്പെടെ 70 ഉപഗ്രഹങ്ങള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിക്ഷേപിക്കാന്‍ ബഹിരാകാശ ഏജന്‍സി പദ്ധതിയിടുന്നുണ്ടെന്നും സോമനാഥ് പറഞ്ഞു.
ഈ 70 ഉപഗ്രഹങ്ങളില്‍ നാലെണ്ണം നാവിക് റീജിയണല്‍ നാവിഗേഷന്‍ സിസ്റ്റത്തിന് സ്ഥാനനിര്‍ണ്ണയം, നാവിഗേഷന്‍, സമയ സേവനം, ഇന്‍സാറ്റ് 4 ഡി കാലാവസ്ഥാ ഉപഗ്രഹങ്ങള്‍, റിസോഴ്സ്സാറ്റ് സീരീസ് ഉപഗ്രഹങ്ങള്‍, വിദൂര സംവേദനത്തിനും ഉയര്‍ന്ന റെസലൂഷന്‍ ഇമേജിംഗിനുമുള്ള കാര്‍ട്ടോസാറ്റ് ഉപഗ്രഹങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളും ക്വാണ്ടം കീ വിതരണ സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കുന്നതിനായി ഓഷ്യന്‍സാറ്റ് ശ്രേണിയിലുള്ള ഉപഗ്രഹങ്ങളും സാങ്കേതിക പ്രദര്‍ശന ഉപഗ്രഹങ്ങള്‍ 01, 02 എന്നിവ വികസിപ്പിക്കാനും ബഹിരാകാശ ഏജന്‍സി പദ്ധതിയിടുന്നുണ്ട്.
ഗഗന്‍യാന്‍ ദൗത്യത്തിനായി ഡാറ്റാ റിലേ ഉപഗ്രഹങ്ങള്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്നതിനുള്ള ഉയര്‍ന്ന ത്രൂപുട്ട് ഉപഗ്രഹങ്ങള്‍, സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റില്‍ വിക്ഷേപിക്കുന്നതിനായി യുഎസിലേക്ക് ഷിപ്പിംഗിന് തയ്യാറെടുക്കുന്ന ജിസാറ്റ് ഉപഗ്രഹം എന്നിവയും ഐഎസ്ആര്‍ഒ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളുടെ ഒരു പരമ്പര വിക്ഷേപിക്കാനാണ് പദ്ധതി. നേരത്തെ ഏജന്‍സി ആസൂത്രണം ചെയ്തിരുന്ന ശുക്രനിലേക്കുള്ള ദൗത്യം ഇപ്പോള്‍ സജീവമല്ല, അതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നതേയുള്ളൂവെന്ന് ചെയര്‍മാന്‍ വെളിപ്പെടുത്തി.
ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യ ആളില്ലാ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ വിക്ഷേപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റോക്കറ്റിന്റെ എല്ലാ ഘട്ടങ്ങളും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ എത്തിക്കഴിഞ്ഞു. ക്രൂ മൊഡ്യൂള്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സര്‍വീസ് മൊഡ്യൂള്‍ ബാംഗ്ലൂരിലെ യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ സംയോജിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സോമനാഥ് പറഞ്ഞു.