ആഗസ്റ്റ് 23ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉക്രൈൻ സന്ദർശിക്കും, 30 വർഷം മുമ്പ് ഉഭയകക്ഷി ബന്ധം ആരംഭിച്ചതിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് കീവ് സന്ദർശിക്കുന്നത്. ആഗസ്റ്റ് 21-22 തീയതികളിൽ പ്രധാനമന്ത്രി പോളണ്ടിലെത്തും. പോളണ്ടിൽ നിന്ന് കീവിലേക്ക് അദ്ദേഹം ട്രെയിനിൽ പോകുമെന്നാണ് സൂചന.
പ്രധാനമന്ത്രിയുടെ പോളണ്ടിലേക്കുള്ള യാത്ര ചരിത്രപരമാണ്, കാരണം 45 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ യാത്രയാണിത്. പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്, പ്രസിഡന്റ് ആന്ദ്രെ ദൂദയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉക്രേനിയൻ പ്രസിഡൻ്റിൻ്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആഴ്ച അവസാനം ഓഗസ്റ്റ് 23 വെള്ളിയാഴ്ച ഉക്രെയ്നിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ (എംഇഎ) സെക്രട്ടറി തൻമയ ലാൽ പറഞ്ഞു.
റഷ്യ സന്ദർശനത്തിന് പിന്നാലെയാണ് ഇപ്പോൾ പ്രധാനമന്ത്രി യുക്രൈനിലേക്ക് പോകുന്നത്. ജൂലൈയിലാണ് മോദി റഷ്യ സന്ദർശിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഏതുവിധത്തിലും സഹകരിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.