Kerala Government News

കേരളീയത്തിന് 1.38 കോടി കൂടി അനുവദിച്ചു

വർക്ക് ഓർഡർ ഇല്ലാതെ ഇൻവിസ് പ്രൈവറ്റ് ലിമിറ്റഡിന് പണം നൽകാൻ തീരുമാനിച്ചത് മന്ത്രിസഭ യോഗം; മന്ത്രി മുഹമ്മദ് റിയാസിൻ്റെ താൽപര്യത്തിന് മന്ത്രിസഭയുടെ പച്ചക്കൊടി

വയനാട് ദുരന്തത്തിനിടയിലും കേരളീയം പരിപാടിക്ക് 1.38 കോടി കൊടുക്കാനുള്ള മന്ത്രിസഭ തീരുമാനം വിവാദത്തിൽ. ആഗ്സ്ത് 14 ലെ മന്ത്രിസഭ യോഗത്തിലാണ് വർക്ക് ഓർഡർ ലഭിക്കാതെ കേരളിയത്തിന് ടൂറിസം പവലിയൻ തയ്യാറാക്കിയ ഇൻവിസ് പ്രൈവറ്റ് ലിമിറ്റഡിന് തുക നൽകാൻ തീരുമാനിച്ചത്.

വയനാട് ദുരന്ത മുഖത്ത് ആയിട്ടും ഇൻവിസിന് വേണ്ടി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേക താൽപര്യം എടുത്താണ് ഫയൽ മന്ത്രിസഭ യോഗത്തിൽ എത്തിച്ചത്. കേരളീയം പരിപാടിക്ക് കേരളം ടൂറിസം പവലിൻ തയ്യാറാക്കിയതിന് ചെലവായ 1,38,06,000 രൂപയാണ് അനുവദിച്ചത്.

ഇൻവിസ് പ്രൈവറ്റ് ലിമിറ്റഡ് ആയിരുന്നു ടൂറിസം പവലിയൻ തയ്യാറാക്കിയത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആയിരുന്നു പവലിയൻ. “കേരളം, കാലാതീതമായ യാത്ര ” എന്നതായിരുന്നു പ്രമേയം. കേരളത്തിൻ്റെ സമ്പന്നമായ സാംസ്ക്കാരിക പൈതൃകം, വൈവിധ്യമാർന്ന ആത്മിയത, അതിശയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങൾ എന്നിവ അടങ്ങിയതായിരുന്നു പവലിയൻ. കേരളിയം വളരെ പെട്ടന്ന് പ്രഖ്യാപിച്ച പരിപാടിയായതിനാൽ വർക്ക് ഓർഡർ നൽകാതെ ആയിരുന്നു ഇൻവിസ് പ്രൈവറ്റ് ലിമിറ്റഡിനെ ഏൽപിച്ചത്.

1.38 crore allotted extra for keraleeyam

അതുകൊണ്ട് തന്നെ 2023 നവംബറിൽ 8 ന് കേരളീയം പരിപാടി കഴിഞ്ഞിട്ടും പവലിയൻ ചെയ്ത തുക ഇൻവിസിന് ലഭിച്ചില്ല. കേരളിയത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് അടിയന്തിര സാഹചര്യത്തിൽ ചെയ്തതു കൊണ്ടാണ് വർക്ക് ഓർഡർ നൽകാൻ സാധിക്കാതെ വന്നതെന്നും അതുകൊണ്ട് സാധൂകരണം നൽകണമെന്നും ടൂറിസം ഡയറക്ടർ 2024 ഏപ്രിലിൽ സർക്കാരിന് കത്ത് നൽകി.

കേരളീയം പരിപാടി മൂലം ടൂറിസം മാർക്കറ്റിംഗ് എന്ന വലിയ ലക്ഷ്യം കൈവരിക്കാൻ സാധിച്ചുവെന്നും അതുകൊണ്ട് ടൂറിസം ഡയറക്ടറുടെ നടപടി സാധൂകരിക്കാമെന്നും ആഗസ്ത് 14 ലെ മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ടൂറിസം വകുപ്പിൽ നിന്നിറങ്ങി. പണം അടുത്ത ആഴ്ച ഇൻവിസിന് കൈമാറും. 27 കോടി രൂപ ആണ് സർക്കാർ കേരളിയം പരിപാടിക്ക് നൽകിയത്.

ബാക്കി തുക സ്പോൺസർഷിപ്പ് വഴിയും സമാഹരിച്ചു. സ്പോൺസർമാരുടെ വിവരങ്ങൾ സർക്കാർ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. അടുത്ത കേരളിയം പരിപാടി 2024 ഡിസംബറിൽ നടക്കും. വയനാട് ദുരന്തത്തിൻ്റെ പ്രതിസന്ധിക്കിടയിലും നവകേരള സദസിനും കേരളിയത്തിനും മുഖ്യമന്ത്രിയുടെ പരസ്യം 5 സംസ്ഥാനങ്ങളിലെ തീയേറ്ററിൽ കാണിക്കാനും ഈ മാസം ഖജനാവിൽ നിന്ന് ചെലവഴിച്ചത് ഏകദേശം 12 കോടിയോളം രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *