സമ്മത പത്രം ഇല്ല! ശമ്പളം പിടിക്കൽ നിർബന്ധിതമെന്ന് സൂചന; അക്കൗണ്ടിൽ എത്തുക 500 കോടി
വയനാട് ദുരന്ത പുനരധിവാസത്തിന് ജീവനക്കാരുടെ ശമ്പളം പിടിച്ച് നിക്ഷേപിക്കാൻ ട്രഷറിയിൽ പുതിയ അക്കൗണ്ട് തുടങ്ങി. പലിശ രഹിത സ്പെഷ്യൽ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് ആണ് ആരംഭിച്ചത്.
ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സിഎംഡിആർഎഫ് ട്രഷറർ എന്ന പേരിൽ തിരുവന്തപുരം ജില്ലാ ട്രഷറിയിൽ ആണ് അക്കൗണ്ട് ആരംഭിച്ചത്. 5 ദിവസത്തെ ശമ്പളമാണ് ജീവനക്കാരിൽ നിന്ന് പിടിക്കുന്നത്.
രണ്ട് ഓപ്ഷനാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്നത്. ഒരുമിച്ച് അഞ്ച് ദിവസത്തെ ശമ്പളം നൽകാം അല്ലങ്കിൽ 3 ഘട്ടമായി നൽകാം. ആദ്യ മാസം ഒരു ദിവസത്തെ ശമ്പളം പിടിക്കും. അടുത്ത രണ്ട് മാസങ്ങളിൽ 2 ദിവസം വീതം ശമ്പളം പിടിക്കും. 40000 കോടിയോളം രൂപ ജീവനക്കാർക്ക് സർക്കാർ കുടിശികയായി നൽകാനുണ്ട്.
കുടിശികയിൽ നിന്ന് അഞ്ച് ദിവസത്തെ ശമ്പളം പിടിച്ചോളൂ എന്നാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ അറിയിച്ചിരുന്നത്.നിർബന്ധപൂർവ്വം ശമ്പളം പിടിക്കരുതെന്നും പ്രതിപക്ഷ സർവീസ് സംഘടനകൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ സമ്മത പത്രം വാങ്ങിക്കുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
ശമ്പളം പിടിക്കൽ നിർബന്ധമാക്കും എന്ന് വ്യക്തം. അടുത്ത ആഴ്ച മുതൽ ജീവനക്കാരൻ ശമ്പളം എങ്ങനെയാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് ശമ്പള ബിൽ എഴുതുന്ന ഓഫിസറെ അറിയിക്കണം. 5 ദിവസത്തെ ശമ്പളം പിടിക്കുന്നതിലൂടെ ഏകദേശം 500 കോടിയോളം രൂപ സർക്കാരിൻ്റെ കയ്യിൽ എത്തും.