ദേശീയപതാക താഴ്ത്തുന്നതിനിടെ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് യുവ വൈദികന്‍ മരിച്ചു

Father Mathew Kudilil died

കാസര്‍കോട് മുള്ളേരിയയില്‍ ദേശീയപതാക താഴ്ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞുവീണ് ഷോക്കേറ്റ് യുവ വൈദികന്‍ മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി തലശ്ശേരി അതിരൂപതാംഗം ഇരിട്ടി എടൂര്‍ കുടിലില്‍ വീട്ടില്‍ ഫാ. മാത്യു കുടിലില്‍ (ഷിന്‍സ് അഗസ്റ്റിന്‍-29) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ആറു മണിക്കാണ് അപകടം. മുള്ളേരിയയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹ വികാരി മുള്ളേരിയ ബെല്ലി സ്വദേശി സെബിന്‍ ജോസഫിനെ (28) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദേശീയ പതാക താഴ്ത്തവേ പതാക, കെട്ടിയ കയറില്‍ കുരുങ്ങി. പതാക അഴിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇരുമ്പ് കൊടിമരം പൊക്കി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാരം മൂലം മറിയുകയും സമീപത്തുണ്ടായിരുന്ന വൈദ്യുതി കമ്പിയില്‍ തട്ടുകയുമായിരുന്നു.

ഒന്നരവര്‍ഷം മുമ്പാണ് ഫാദര്‍ ഷിന്‍സ് മുള്ളേരിയ ചര്‍ച്ചിലെ വികാരിയായി ചുമതലയേറ്റത്. 2020 ഡിസംബറിലാണ് വൈദിക പട്ടം ലഭിച്ചത്. തുടര്‍ന്ന് ചെമ്പന്‍തൊട്ടി, നെല്ലിക്കമ്പോയില്‍ എന്നിവിടങ്ങളില്‍ സഹവികാരിയായി ജോലി ചെയ്തിരുന്നു. മുള്ളേരിയയില്‍ ചുമതലയേറ്റ ശേഷം പുത്തൂര്‍ സെന്റ് ഫിലോമിന കോളേജില്‍ എംഎസ്ഡബ്ല്യൂവിന് ചേര്‍ന്നിരുന്നു. കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമാണ്. അച്ഛന്‍: പരേതനായ അഗസ്റ്റിന്‍. അമ്മ: ലിസി. സഹോദരങ്ങള്‍: ലിന്റോ അഗസ്റ്റിന്‍, ബിന്റോ അഗസ്റ്റിന്‍.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments