സർക്കാർ ജീവനക്കാർക്ക് ഹാജർ രേഖപ്പെടുത്താൻ മൊബൈൽ ആപ്ലിക്കേഷൻ സൗകര്യം ഒരുക്കുന്നു. താൽക്കാലിക സംവിധാനം എന്ന നിലയിലാണ് ഈ പരീക്ഷണം.
നിലവിലെ ആധാർ അധിഷ്ഠിത പഞ്ചിങ് സംവിധാനത്തിലെ സെൻസർ മാറ്റുന്ന ഇടക്കാല സമയത്താണ് മുഖം തിരിച്ചറിഞ്ഞു ഹാജർ രേഖപ്പെടുത്തുന്ന ആപ്ലിക്കേഷൻ ഉപയോഗിക്കാൻ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകിയിരിക്കുന്നത്.
ഓഫിസിനുള്ളിലും പരിസരത്തും മാത്രമേ ഈ ആപ്പിൽ ഹാജർ രേഖപ്പെടുത്താനാകൂ. ഓരോ ഓഫിസിലും പഞ്ചിങ്ങിന്റെ ചുമതലയുള്ള നോഡൽ ഓഫിസർമാർക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ പരിശീലനം നൽകും.
നിലവിൽ സർക്കാർ ഓഫിസുകളിൽ ഉപയോഗിക്കുന്ന ആധാർ അധിഷ്ഠിത വിരലടയാള പഞ്ചിങ് മെഷീന്റെ സെൻസറുകൾ മാറ്റി പുതിയവ ഉപയോഗിക്കാൻ സർക്കാരിന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി നിർദേശം നൽകിയിരുന്നു.
ഇതിന്റെ ഭാഗമായി മെഷീൻ പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചു. പരിഷ്കരണം നടക്കുമ്പോൾ പഞ്ചിങ് സംവിധാനം പ്രവർത്തനരഹിതമാകുന്ന ഓഫിസുകളിലാണ് പകരം മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കേണ്ടത്. കേന്ദ്ര സർക്കാരിനു കീഴിലെ നാഷനൽ ഇൻഫർമാറ്റിക് സെന്റർ നിർമിച്ച ആധാർ ഫെയ്സ് ആർഡി ആപ് ആണ് ഉപയോഗിക്കേണ്ടത്.