മെഡിസെപ്പിലെ വ്യവസ്ഥ: സര്‍ക്കാരിന് ‘ഷൈലോക്ക്’ സിന്‍ഡ്രോമെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍

കേരളത്തിലെ ഇടതു സര്‍ക്കാരിന് ‘ഷൈലോക്ക്’ സിന്‍ഡ്രോം ബാധിച്ചിരിക്കുകയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച പുതിയ ജീവനക്കാര്‍ക്ക്2022 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ മെഡിസെപ്പ് പ്രീമിയം നിര്‍ബന്ധമാക്കിയ വ്യവസ്ഥ ഒഴിവാക്കുന്നതിന് അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കുള്ള കറ്റാസ്‌ട്രോഫിക് പാക്കേജ് ആനുകൂല്യം ആവശ്യമില്ലായെന്ന് രേഖാമൂലം എഴുതിനല്‍കണമെന്ന നിബന്ധന ഉള്‍പ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവ് ഷൈലോക്ക് സിന്‍ഡ്രോമിന് ഉദാഹരണമാണെന്ന് കണ്‍വീനര്‍ ഇര്‍ഷാദ് എംഎസ് കുറ്റപ്പെടുത്തി.

സര്‍വീസിലില്ലായിരുന്ന കാലയളവിലെ കിട്ടാത്ത മെഡിക്കല്‍ ഇന്‍ഷുറന്‍സി പൂര്‍വകാല പ്രാബല്യത്തോടെ തുക നല്‍കുന്നതില്‍ നിന്നും ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു നിബന്ധന അടിച്ചേല്‍പിച്ചിരിക്കുന്നത്. അതായത് പുതിയ ജീവനക്കാര്‍ മാസം തോറും നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന മെഡിസെപ്പ് പ്രീമിയം കൃത്യമായി അടക്കണം. പക്ഷെ അവര്‍ക്ക് സര്‍ക്കാര്‍ തന്നെ മെഡിസെപ്പിന്റെ പ്രധാന ആകര്‍ഷണമെന്ന് വിശേഷിപ്പിച്ച അവയവമാറ്റ ശസ്ത്രക്രിയക്ക് തുക അനുവദിക്കില്ലെന്ന് പറയുന്നത് നീതി നിഷേധമാണ്.

കരാറിന്റെ പേരില്‍ ഷേക്‌സ്പിയര്‍ കഥാപാത്രമായ ഷൈലോക്ക് ‘ഒരു റാത്തല്‍ മാംസം’ ചോദിച്ചതിന് സമാനമാണിത്. ജീവനക്കാര്‍ ഇന്‍ഷുറന്‍സിനായി പ്രീമിയം അടക്കണം, പക്ഷെ ചികിത്സ വേണ്ടെന്ന് എഴുതികൊടുക്കണം. ബ്ലേഡ് കമ്പനിക്കാര്‍ പോലും ഉപഭോക്താക്കളോട് ഇത്തരം നിബന്ധന വയ്ക്കാറില്ല.

ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിസെപ്പിന്റെ ആനുകൂല്യം ലഭിക്കുന്നത് തുലോം തുച്ഛമാണ്. പദ്ധതിയുടെ തുടക്കത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ ആദ്യ നേട്ടം പണരഹിത ചികിത്സ ആയിരുന്നു. എന്നാല്‍ പദ്ധതിയില്‍ നിലവില്‍ ആ ആനുകൂല്യം നിഷേധിക്കുകയാണ്. കമ്പനിയുമായുള്ള കരാറിന്റെ വ്യവസ്ഥകള്‍ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.ഇക്കാര്യത്തില്‍ നിയമസഭാംഗങ്ങളെ പോലും ഇരുട്ടില്‍ നിര്‍ത്തുകയാണ്. ഇടതുഭരണത്തില്‍ ധനവകുപ്പില്‍ നിന്നും ദിവസേന ഇത്തരം വിചിത്ര ഉത്തരവുകള്‍ പുറപ്പെടുവിക്കപ്പെടുകയാണ്. സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിച്ച് ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ മാത്രം പ്രതിമാസ പ്രീമിയം സ്വീകരിക്കുന്ന രീതി അവലംബിക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഇര്‍ഷാദ് എം എസ് ആവശ്യപ്പെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
പ്രദീപ്‌ കുമാർ
പ്രദീപ്‌ കുമാർ
3 months ago

അനുഭവിച്ചോ.