‘IASകാരേക്കാള്‍ ശമ്പളം ഉയർത്തണം’; സർവീസ് സംഘടന രൂപീകരിച്ച് KAS കാർ

കണ്‍ഫേഡ് IAS പട്ടിക തയാറാക്കുമ്പോള്‍ കെഎഎസുകാര്‍ക്കു പ്രത്യേക സംവരണം വേണമെന്നും ആവശ്യം

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സര്‍വീസായ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (KAS) ഉദ്യോഗസ്ഥര്‍ക്ക് ഐഎഎസുകാരുടെ മാതൃകയിലുള്ള സംഘടനയ്ക്ക് സര്‍ക്കാര്‍ അംഗീകാരം. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (KASOA) എന്ന സംഘടനയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

അടുത്തിടെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കെഎഎസ് ഉദ്യോഗസ്ഥരുടെ ഏക സംഘടനയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍. നിലവില്‍ മൂന്നു സ്ട്രീമുകളിലായി 105 ഉദ്യോഗസ്ഥരാണുള്ളത്. ഐഎഎസുകാരേക്കാള്‍ ഉയര്‍ന്ന ശമ്പള സ്‌കെയില്‍ വേണമെന്നായിരുന്നു കെഎഎസുകാരുടെ ആവശ്യം.

സംഘടനാ സംവിധാനത്തിലേക്കു വരുന്നതോടെ ഈ ആവശ്യം വീണ്ടും ഉന്നയിക്കും. അണ്ടര്‍ സെക്രട്ടറി തസ്തികയ്ക്ക് തുല്യമായ പദവിയിലുള്ള ശമ്പള സ്‌കെയിലില്‍ കെഎഎസുകാരെ നിയമിക്കാനാണ് സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഡപ്യൂട്ടി സെക്രട്ടറിയോ അണ്ടര്‍ സെക്രട്ടറി ഹയര്‍ ഗ്രേഡിനോ തുല്യമായ ശമ്പളസ്‌കെയില്‍ തുടക്കത്തില്‍ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ജൂനിയര്‍ ഐഎഎസുകാര്‍ക്കു മുകളില്‍ ശമ്പള സ്‌കെയില്‍ വരുന്ന സാഹചര്യത്തില്‍ ഇതിനെ ഐഎഎസ് അസോസിയേഷന്‍ എതിര്‍ത്തു. ഇതോടെ രണ്ടിനും മധ്യത്തിലുള്ള സ്‌കെയില്‍ നിശ്ചയിച്ചു നല്‍കുകയായിരുന്നു.

കണ്‍ഫേഡ് ഐഎഎസ് പട്ടിക തയാറാക്കുമ്പോള്‍ കെഎഎസുകാര്‍ക്കു പ്രത്യേക സംവരണം വേണമെന്ന ആവശ്യവുമുണ്ട്. സംഘടനയക്ക് അംഗീകാരമായതോടെ ഓഫിസും അനുവദിക്കേണ്ടതുണ്ട്. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സെക്രട്ടറിക്കും പ്രസിഡന്റിനും തലസ്ഥാനത്തെ ഓഫിസുകളില്‍ നിയമനം നല്‍കേണ്ടതുണ്ട്.

സംഘടനയ്ക്ക് അംഗീകാരം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് സെക്രട്ടറി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അംഗീകാരം നല്‍കിയത്. സംഘടനയുടെ നിയമാവലിയില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടേണ്ടതാണെന്നും വാര്‍ഷിക സാമ്പത്തിക സ്റ്റേറ്റ്‌മെന്റ്, ഭാരവാഹികളുടെ പട്ടിക തുടങ്ങിയ വിവരങ്ങള്‍ വകുപ്പു മേധാവി വഴി യഥാസയമം സര്‍ക്കാരില്‍ സമര്‍പ്പിക്കേണ്ടതാണെന്നും നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ 314-ാമത് അംഗീകൃത സര്‍വീസ് സംഘടനയായാണ് കെഎഎസ്ഒഐയ്ക്ക് അംഗീകാരം നല്‍കിയത്. ഓള്‍ ഇന്ത്യാ സര്‍വീസിലെ കേരള കേഡര്‍ ഉദ്യോഗസ്ഥര്‍ക്ക് ഐഎഎസ്, ഐപിഎസ് അസോസിയേഷനുകള്‍ അടക്കമുള്ള സംഘടനകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments