പിണറായിക്കുവേണ്ടി 364 ഹോർഡിങുകള്‍, ചെലവ് 2.46 കോടി | Pinarayi Vijayan

pinarayi vijayan

നാടുനീളെ തന്റെ ഫുള്‍ ഫിഗര്‍ കട്ടൗട്ടുകള്‍. ഇതായിരിക്കാം കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വപ്‌നം കാണുന്ന കേരളം. നവ കേരള സദസ്സിന്റെ ഹോര്‍ഡിങ്ങിന്റെ എണ്ണം കേട്ടാല്‍ അങ്ങനെ തോന്നിപ്പോകും..

364 ഹോര്‍ഡിങ്ങുകളാണ് നവകേരള സദസിന് വേണ്ടി കേരളത്തിലുടനീളം സ്ഥാപിച്ചത്. ഒരു ജില്ലയില്‍ 26 ഹോര്‍ഡിങ്ങുകള്‍. പിണറായിയുടെ ഹോര്‍ഡിങ് വെച്ചതിന്റെ ചെലവ് കേട്ടാല്‍ ഞെട്ടരുത്. 2.46 കോടി. ഏകദേശം 62 ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാനുള്ള പണം ആണ് ഹോര്‍ഡിങ് സ്ഥാപിച്ച് പിണറായി പുട്ടടിച്ചത്.

9 ലക്ഷം പേര്‍ ലൈഫ് മിഷന്‍ വീടിന് വേണ്ടി കേരളത്തില്‍ കാത്തിരിക്കുന്നുണ്ട് എന്ന് ഓര്‍ക്കുക. ഇനിയാണ് രസം. പിണറായിയുടെ വാക്ക് കേട്ട് കേരളത്തിലുടനീളം ഹോര്‍ഡിങ് വച്ച സ്ഥാപനം വെട്ടിലായി. പണം കൊടുത്തിരുന്നില്ല. കിട്ടാനുള്ള പണത്തിനുവേണ്ടി സെക്രട്ടറിയേറ്റിന് ചുറ്റും നടക്കുന്ന കാഴ്ച്ച നിത്യ സംഭവമായിരുന്നു. അവസാനം പിണറായി പ്രസാദിച്ചു. ബാലഗോപാലിനെ വിളിച്ചു. പണം ഉടന്‍ കൊടുക്കാന്‍ ബാലഗോപാലിന് പിണറായിയുടെ നിര്‍ദ്ദേശം.

ഫയല്‍ വന്നിട്ടില്ലെന്നായി ബാലഗോപാല്‍. ഫയല്‍ ഉടന്‍ ധനകാര്യ വകുപ്പിന് അയക്കാന്‍ പിണറായി പിആര്‍ഡിക്ക് നിര്‍ദ്ദേശം നല്‍കി. പിണറായി പറഞ്ഞതുകൊണ്ട് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അധിക ഫണ്ട് അനുവദിക്കാനാണ് ബാലഗോപാലിന്റെ നീക്കം.

55 ലക്ഷം രൂപയ്ക്ക് ഹോര്‍ഡിങ് സ്ഥാപിച്ചാല്‍ മതിയെന്നായിരുന്നു ആദ്യ തീരുമാനം. പി ആര്‍.ഡിയുടെ എസ്റ്റിമേറ്റും അതായിരുന്നു. നവകേരള സദസ്സ് കളറാകണമെങ്കില്‍ ഹോര്‍ഡിങ് കൂടുതല്‍ വേണമെന്നായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അങ്ങനെയാണ് ഹോര്‍ഡിങ്ങിന്റെ എണ്ണം കൂടിയതും ചെലവ് 2.46 കോടിയായതും.

നവകേരള സദസിന്റെ മറ്റ് ചെലവുകള്‍ ഓരോന്നായി പുറത്ത് വരുന്നുണ്ട്. നവകേരള സദസിന് വേണ്ടി കലാജാഥ സംഘടിപ്പിച്ചത് 48 ലക്ഷം രൂപയ്ക്കാണ്. കെഎസ്ആര്‍ടിസി ബസില്‍ പിണറായിയുടെ പുഞ്ചിരിക്കുന്ന ചിത്രം പതിപ്പിച്ചതിന്റെ ചെലവ് 16.99 ലക്ഷം. റയില്‍വേ ജിംഗിള്‍സിന് 41.21 ലക്ഷം ചെലവായി.

നവകേരള ബസിനും ഫിറ്റി ഗിംസിനും 1.50 കോടിയും ചെലവായി. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസില്‍ യാത്ര നടത്തിയതിന് 35 ലക്ഷം രൂപ യാത്രപ്പടിയും എഴുതിയെടുത്തു.

ഇന്ധനചെലവിന്റെ കോടികളുടെ കണക്ക് ഇനിയും പുറത്ത് വരാനുണ്ട്. അതേ പോലെ വിഭവ സമൃദ്ധമായ ശാപ്പാട്ടിന്റേയും കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. പൗരപ്രമുഖന്‍മാര്‍ മതിവരുവോളം തിന്നു കൂട്ടിയതിന്റെ കണക്ക് കൂടിയാകുമ്പോള്‍ 14 ജില്ലകളിലെ ഭക്ഷണം മാത്രം 25 കോടി കടക്കും എന്നാണ് ലഭിക്കുന്ന സൂചന. പന്തല്‍, പൊളിച്ച സ്‌ക്കൂള്‍ മതിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം, താമസ ചെലവ് ഇങ്ങനെയുള്ള ചെലവുകള്‍ കൂടി പുറത്തു വരുമ്പോള്‍ നവകേരള സദസിന്റെ ചെലവ് 100 കോടി കടക്കും.

ക്യാപ്റ്റന്‍, ജൈവ ബുദ്ധി ജീവി എന്നിങ്ങനെ പിണറായിയെ നിരവധി വിശേഷണങ്ങള്‍ മന്ത്രിമാര്‍ ചാര്‍ത്തി നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പില്‍ ദയനീയ പരാജയമായ വീണ ജോര്‍ജ് മന്ത്രിസ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ ഇടക്കിടെ പിണറായിയെ കുാപ്റ്റന്‍ എന്ന് വിശേഷിപ്പിക്കും. പിണറായിയെ ജൈവ ബുദ്ധി ജീവി എന്ന് വിശേഷിപ്പിച്ചത് മന്ത്രി ബിന്ദുവാണ്. എന്താണ് അതിന്റെ അര്‍ത്ഥമെന്ന് ബിന്ദുവിനോ, കേട്ട പിണറായിക്കോ ഇതുവരെ മനസിലായിട്ടില്ല.

364 ഹോര്‍ഡിങ്ങുകളില്‍ പിണറായിയുടെ പുഞ്ചിരിക്കുന്ന ചിത്രം സ്ഥാനം പിടിച്ചതിനാല്‍ ഏതെങ്കിലും മന്ത്രി ഹോര്‍ഡിങ് വിജയന്‍ എന്ന് പിണറായിയെ വിശേഷിക്കുമോ എന്ന കണ്ടറിയണം. ഹോര്‍ഡിങ്ങിന്റെ എണ്ണം ഗിന്നസ് ബുക്കുകാര്‍ അറിഞ്ഞാല്‍ പിണറായി ഗിന്ന സിലും കയറി പറ്റും. ഹോര്‍ഡിങ് കമ്പനിക്കാരെ പണം കിട്ടാന്‍ താമസിച്ചതില്‍ നിങ്ങള്‍ വിഷമിക്കരുത്. 2.46 കോടി ഈ മാസം തന്നെ മുഖ്യമന്ത്രി തരും. അത് ഉറപ്പാണ്.

ഡിസംബറില്‍ കേരളീയം വരുന്നുണ്ട്. അതിനും ഹോര്‍ഡിങ് വേണം. പിണറായി അതും നിങ്ങള്‍ക്ക് തരും. കുറച്ച് താമസിച്ചാലും അതിന്റെ പണവും പിണറായി തരും. ബജറ്റില്‍ ബാലഗോപാല്‍ ജനങ്ങളില്‍ നിന്ന് നികുതി പിഴിഞ്ഞുവാങ്ങുന്നത് ഇതിനൊക്കെ വേണ്ടിയാണ്. ഹോര്‍ഡിങ്ങിന്റെ എണ്ണത്തിലൂടെ ഗിന്നസ് ബുക്കില്‍ കയറാന്‍ സാധ്യതയുള്ള മുഖ്യമന്ത്രി പിണറായി വിജയന് എല്ലാ ആശംസകളും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments