ബംഗ്ലാദേശിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 400-ത്തിലധികം ആളുകളെ ഇന്ത്യയയിൽ എത്തിക്കാനൊരുങ്ങി എയർ ഇന്ത്യയും ഇൻഡിഗോയും. ഇതുവരെ 6 കൈകുഞ്ഞുങ്ങൾ ഉൾപ്പെടെ 205 പേരെ ധാക്കയിൽ നിന്നും ന്യൂ ഡൽഹിയിലേക്ക് എത്തിച്ചതായാണ് റിപ്പോർട്ടുകൾ. അതിനിടെ, നൊബൽ പുരസ്‌കാരജേതാവ് മുഹമ്മദ് യൂണസിനെ ഇടക്കാല സർക്കാരിന്റെ തലവനായി നിയമിച്ചു. പ്രധാനമന്ത്രി ഷെയിഖ് ഹസിന അപ്രതീക്ഷിതമായി രാജിനൽകി രാജ്യത്തുനിന്ന് ഒളിച്ചോടിയതിന് പിന്നാലെയാണ് നടപടി .
പ്രസിഡൻ്റ് ഷഹാബുദ്ദീൻ സൈനിക മേധാവികളുമായും പ്രക്ഷോഭകാരികളായ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ 13 അംഗ പ്രതിനിധി സംഘവുമായും ബംഗഭബനിൽ (പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ) നടത്തിയ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് പ്രസിഡൻ്റിൻ്റെ പ്രസ് സെക്രട്ടറി എംഡി ജോയ്നൽ അബെഡിൻ അറിയിച്ചു .
ധാക്കയിൽ നിന്ന് പലായനം ചെയ്ത് ഡൽഹിയിലെ രഹസ്യ കേന്ദ്രത്തില്‍ വന്നിറങ്ങി ഇരുപത്തിനാല് മണിക്കൂറിന് ശേഷവും, മുൻപ്രധാനമന്ത്രി ഹസീന ഷെയ്ഖ് എവിടെയാണെന്ന് ഇപ്പോഴും വ്യക്തമല്ല. അതേസമയം യുണൈറ്റഡ് കിങ്ഡം അവരുടെ അഭയാർത്ഥി അഭ്യർത്ഥന സ്വീകരിക്കാൻ സാധ്യതയില്ലെന്ന് ഉറവിടങ്ങൾ സ്ഥിരീകരിച്ചു. അതിനിടെ , വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ബംഗ്ലാദേശ് വിടേണ്ടി വന്ന ഷെയ്ഖ് ഹസീന, യു.എസ്., യു.കെ, ഫിൻലൻഡ്, ഇന്ത്യ എന്നിവയ്ക്ക് പുറമെ യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ മറ്റ് രാജ്യങ്ങളുമായും സാധ്യതകൾ ചർച്ച ചെയ്യുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ